തിരുവനന്തപുരം
യുഡിഎഫ് വിടണമെന്ന വാദം ആർഎസ്പിയിൽ ശക്തമായി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന സെക്രട്ടറിയറ്റ് യോഗത്തിലാണ് മുന്നണി വിടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടത്. ഏതാനും നേതാക്കളുടെ താൽപ്പര്യത്തിലാണ് പാർടി യുഡിഎഫിൽ തുടരുന്നതെന്ന് ചർച്ചയിൽ നേതാക്കൾ തുറന്നടിച്ചു. യോഗശേഷം നടന്ന വാർത്താസമ്മേളനത്തിലും ആർഎസ്പിയിലെ തർക്കം പുറത്തുവന്നു. കോൺഗ്രസിനെതിരെ രൂക്ഷവിമർശമാണ് യോഗത്തിലുണ്ടായത്. ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതും യുഡിഎഫിന്റെ ജയസാധ്യത ഇല്ലാതാക്കിയെന്ന് യോഗം വിലയിരുത്തി.പത്ത് വർഷം നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത അവസ്ഥയുണ്ടായത് യുഡിഎഫിലായതുകൊണ്ടാണ്. യുഡിഎഫിൽ തുടർന്നാൽ നിലവിലുള്ള അണികളും ചോർന്നുപോകും. പാർടി സംസ്ഥാന സെക്രട്ടറി എ എ അസീസും ഷിബു ബേബിജോണും അടക്കമുള്ള പാർടിയിലെ പ്രബലവിഭാഗം മുന്നണി വിടണമെന്ന് വാദിക്കുന്നവരാണ്. എൻ കെ പ്രേമചന്ദ്രനും കൂട്ടർക്കുമാണ് യുഡിഎഫിൽ തുടരണമെന്ന നിലപാടുള്ളത്.
മുന്നണി വിടണമെന്ന അഭിപ്രായം പാർടിയിലുണ്ടെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്ത് ഒമ്പതിന് സംസ്ഥാനത്തെ മുഴുവൻ ജില്ല കമ്മിറ്റി അംഗങ്ങളുടെയും യോഗം കൊല്ലത്ത് ചേർന്ന് മുന്നണിമാറ്റമടക്കമുള്ള വിഷയം ചർച്ച ചെയ്യും. വ്യക്തിപരമായ ആവശ്യത്തിനാണ് ലീവെടുത്തതെന്നും പാർടിയോട് യോജിച്ചുപോകുമെന്നും ഷിബു പറഞ്ഞു. താൽപ്പര്യമുള്ള സീറ്റല്ല കോൺഗ്രസ് തന്നതെങ്കിലും തോറ്റ കാരണം പറഞ്ഞ് ഇപ്പോൾ മുന്നണി വിടുന്നത് ശരിയല്ല. അതേസമയം, സിപിഐ എമ്മിനെ പേരെടുത്ത് വിമർശിച്ചാണ് പ്രേമചന്ദ്രൻ സംസാരിച്ചത്.
കോൺഗ്രസിനൊപ്പം നിന്നിട്ട് എന്തുകാര്യം?
കൊല്ലം
‘ഇങ്ങനെ പോയാൽ പാർടിയുടെ അവസ്ഥ എന്താകും. കെപിസിസി പ്രസിഡന്റിനെപ്പോലും തെരഞ്ഞെടുക്കാൻ പറ്റാത്ത കോൺഗ്രസിനൊപ്പം നിന്നിട്ട് എന്തുകാര്യം. യുഡിഎഫിൽ തുടർന്നാൽ പാർടി എവിടെച്ചെന്നു നിൽക്കും. ഈ സ്ഥിതി സ്വയം കുഴിതോണ്ടുന്നതിനു സമമാണ്.’ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയറ്റിൽ ഉയർന്ന ചർച്ചയാണിത്.
തോറ്റു തുന്നംപാടുന്ന സീറ്റുകളാണ് കോൺഗ്രസ് അടിച്ചേൽപ്പിച്ചത്. ജയിക്കാവുന്നിടത്ത് കോൺഗ്രസ് കാലുവാരി. ചവറയിൽ അതാണ് സംഭവിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും കനത്ത തോൽവിയുണ്ടായി. പാർടിക്കുതന്ന സീറ്റിൽ വിമതരെ നിർത്തിയ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും? പാർടിയുടെ നഷ്ടപ്പെട്ട ഇടതുപക്ഷ സ്വഭാവം വീണ്ടെടുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എൽഡിഎഫിൽ ആയിരുന്നപ്പോൾ എംഎൽഎമാരുണ്ടായിരുന്നു. തദ്ദേശ ഭരണ–- സഹകരണ സ്ഥാപനങ്ങളിലും പ്രതിനിധികളുണ്ടായിരുന്നു. ഇപ്പോൾ പാർടി വട്ടപ്പൂജ്യമാണ്.
യുഡിഎഫ് വിടണമെന്നും ഇല്ലെങ്കിൽ ആത്മഹത്യാപരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ നൽകിയ കത്തും യോഗത്തിൽ ചർച്ചയായി. ആർ ശ്രീധരൻപിള്ള (കൊല്ലം), ഇല്ലിക്കൽ അഗസ്തി (കണ്ണൂർ) എന്നിവർ മാത്രമാണ് യുഡിഎഫിൽ തുടരണമെന്നു വാദിച്ചത്. പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് ബാബു ദിവാകരനും പറഞ്ഞു.














