കൊല്ലം: പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ വ്യക്തിപരമായ കാര്യങ്ങൾക്ക് പാർട്ടിയോട് അവധി അപേക്ഷിച്ചതായി ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് മുന്നണി മാറാനോ മറ്റൊരു മുന്നണിയിലേക്ക് പോകാനോ തങ്ങൾ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. അതേ സമയം അത്തരമൊരു ആലോചനകൾ വേണ്ടി വന്നാൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്പിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചില വാർത്തകൾ കണ്ടു, അതൊന്നും ശരിയല്ലെന്നും അസീസ് വ്യക്തമാക്കി.
ആർഎസ്പിക്ക് അത്ര ഗതികേടില്ലെന്നും ഏതെങ്കിലും മുന്നണിയിലേക്ക് പോകാൻ കോവൂർ കുഞ്ഞുമോന്റെ ക്ഷണം വേണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 2014-ന് ശേഷം എൽഡിഎഫുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ആർഎസ്പിക്ക് എൽഡിഎഫിലേക്ക് പോകേണ്ടി വന്നാൽ ആരോടാണ് സംസാരിക്കേണ്ടെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഇന്ന് നടന്ന ആർഎസ്പി നേതൃയോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം പാർട്ടി നേതാക്കളിൽ നിന്നുയർന്നു. എന്നാൽ ജയപരാജയത്തിന്റെ പേരിൽ മുന്നണിവിടണമെന്ന അഭിപ്രായ സമന്വയത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് എത്തിച്ചേർത്തു. അതേ സമയം തന്നെ ഭാവിയിൽ മുന്നണി മാറ്റത്തിനുള്ള സാധ്യകളും ആർഎസ്പി തള്ളകളയുന്നില്ല.
ഇത്തവണ അഞ്ച് സീറ്റിൽ മത്സരിച്ച ആർഎസ്പിക്ക് ഒരിടത്ത് പോലും ജയിക്കാനായിരുന്നില്ല. 2016-ലെ തിരഞ്ഞെടുപ്പിലും വട്ടപൂജ്യമായിരുന്നു ആർഎസ്പിക്ക് നിയമസഭയിലെ ഫലം.