ചാവക്കാട് > ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് വട്ടേക്കാട് കബീര്‍ (54), കുഞ്ഞുമോള്‍ (68), ഖാദര്‍മോന്‍ (72) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ കബീറാണ് ആദ്യം മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുഞ്ഞുമോളും വൈകുന്നേരത്തോടെ ഖാദര്മോനും മരണപ്പെട്ടു. ആഴ്ചകള്‍ക്ക് മുന്‍പ് കുഞ്ഞുമോള്‍ക്കാണ് ആദ്യം കോവിഡ് ബാധിച്ചത്. തുടര്‍ന്ന് കടപ്പുറം പഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്ററിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഖാദര്‍മോന്‍ രോഗം കണ്ടെത്തി. ഖാദറും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കബീര്‍ മരിച്ചശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.