ഭുവനേശ്വര്‍> ഒഡീഷയിലെ കോവിഡ് ആശുപത്രിയില്‍ നിന്നും രോഗികളുടെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത്. ഗോത്ര മേഖലയായ മയൂര്ഗഞ്ച് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ പരിചാരകനായിരുന്ന ബിഭുദത്ത ദാഷാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.കോവിഡ് ബാധിതരായവര്‍ ടോയ്ലറ്റിന് സമീപവും വാഷ് ബേസിന് സമീപവും നിലത്ത് കിടക്കുന്നത് വിഡിയോയില്‍ കാണാം. മറ്റൊരു രോഗി നഗ്നനായി തറയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മേയ് 22ന് ബിഭുദത്ത ദാഷായുടെ ബന്ധുവിനെ ബാരിപാഡയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേയ് 23ന് ബന്ധു മരിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ ബി.ജെ.പി എം.എല്‍.എ പ്രകാശ് സോറന് ആശുപത്രി അധികൃതര്‍ക്കെതിരെ രംഗത്തെത്തി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് മയൂര്‍ബഞ്ച് ജില്ല കലക്ടര്‍ അറിയിച്ചു.
‘രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തുക ആര്‍ക്കുവേണ്ടിയാണോ എവിടേക്കാണോ പോകുന്നത്’ – ബിഭുദത്ത ദാഷാ ചോദിക്കുന്നു