
തിരുവനന്തപുരം
കെപിസിസി പ്രസിഡന്റിനായി ഡൽഹിയിൽ തിരക്കിട്ട ചർച്ച നടക്കവേ കേരളത്തിൽ ഗ്രൂപ്പുകളുടെ നെഞ്ചിടിപ്പേറുന്നു. ഹൈക്കമാൻഡിന്റെ പിന്തുണയോടെ കെ സി വേണുഗോപാലും വി ഡി സതീശനും പാർടിയൊന്നാകെ പിടിച്ചെടുക്കുമോ എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആശങ്ക. അതേസമയം, മുതിർന്ന നേതാക്കളെ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ ഹൈക്കമാൻഡും ആശയക്കുഴപ്പത്തിലായി.
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേര് നിർദേശിക്കില്ലെന്ന തീരുമാനത്തിലാണ്. എന്നാൽ, കെ സുധാകരൻ വേണ്ടെന്ന നിലപാടിലാണ് മൂവരും. ഇതോടെ ചർച്ചകളിൽ മുമ്പന്തിയിൽനിന്ന സുധാകരന്റെ സാധ്യത മങ്ങി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേരാണ് ഇതിനു പിന്നാലെ കേൾക്കുന്നത്. ഗ്രൂപ്പുകളുടെ പിന്തുണ തേടി കൊടിക്കുന്നിൽ നേതാക്കളെ ബന്ധപ്പെട്ടുതുടങ്ങി. എന്നാൽ, എംപിയായ കൊടിക്കുന്നിലിനെ പ്രസിഡന്റാക്കേണ്ട കാര്യമില്ലെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിൽ ഹൈക്കമാൻഡിനോടുള്ള അമർഷം പുകയുന്നതിനിടെ കെപിസിസി പ്രസിഡന്റിനെയും തീരുമാനിക്കുന്നത് വെല്ലുവിളിയാണ്. പരാജയമായാൽ മുഴുവൻ പഴിയും ഹൈക്കമാൻഡിനാകും. ഗ്രൂപ്പുകളെ പൂർണമായും അവഗണിച്ച് മുന്നോട്ടുപോയാൽ താഴേത്തട്ടിൽ സംഘടനാപ്രവർത്തനം കൂടുതൽ ദുർബലമാകുമെന്നും മുതിർന്ന നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാൻ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക. പുനഃസംഘടന ചർച്ചചെയ്യാൻ ലോക്ഡൗണിനുശേഷം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തുമെന്നും അതിനുമുമ്പ് പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നുമാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്.
ചെന്നിത്തലയുടെ കത്ത്
പുറത്തുവിട്ടത് കെ സി വേണുഗോപാൽ?
പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് അപമാനിച്ച് പടിയിറക്കിയതിൽ നീരസമറിയിച്ച് രമേശ് ചെന്നിത്തല എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവിട്ടത് കെ സി വേണുഗോപാലെന്ന് ആരോപണം. എ–-ഐ ഗ്രൂപ്പുകളുടെ അപ്രതീക്ഷിത ഐക്യം കേരളത്തിൽ പിടിമുറുക്കാനുള്ള തന്റെ നീക്കങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന കണക്കുകൂട്ടലിലാണ് വേണുഗോപാൽ. ഇത് തകർക്കാനാണ് ചെന്നിത്തലയുടെ കത്ത് ചോർത്തിയതെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നു. കത്ത് അയച്ച ചെന്നിത്തലയ്ക്കും ലഭിച്ച സോണിയക്കും മാത്രമറിയാവുന്ന കത്തിലെ ഉള്ളടക്കം ചോർത്താൻ മറ്റാർക്കുമാകില്ലെന്നാണ് അവരുടെ നിഗമനം.
വി ഡി സതീശനെ പ്രതിപക്ഷനേതാവായി കൊണ്ടുവന്ന വേണുഗോപാലിന്റെ നീക്കം കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഉണ്ടാകാനുള്ള സാധ്യതയാണ് ഗ്രൂപ്പുകളെ അസ്വസ്ഥമാക്കുന്നത്. ഹൈക്കമാൻഡിനെതിരെ തുറന്നപോരിന് ഇതാദ്യമായി ഗ്രൂപ്പുകൾ രംഗത്തെത്തിയത് പാർടിയിൽ സകല പിടിവള്ളിയും നഷ്ടമാകുമെന്ന സാഹചര്യത്തിലാണ്. തുല്യദുഃഖിതരായ എ–-ഐ ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ ഒരുമിച്ച് നീങ്ങാനും ധാരണയിലെത്തിയിരുന്നു. എന്നാൽ, ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മോൽനോട്ടസമിതി അധ്യക്ഷനായി കൊണ്ടുവന്നത് ഹിന്ദുവോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന് ചെന്നിത്തല കത്തിൽ പറഞ്ഞെന്ന വാർത്ത പുറത്തുവന്നതോടെ ഇത് പൊളിഞ്ഞു. ഇക്കാര്യത്തിൽ ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്ന് എഗ്രൂപ്പ് ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കത്ത് കിട്ടിയ ആൾക്കും അതെഴുതിയ ആൾക്കും മാത്രമേ ഉള്ളടക്കം അറിയൂവെന്നാണ് ഉമ്മൻചാണ്ടിയുടെ വലംകൈയായ കെ സി ജോസഫ് പ്രതികരിച്ചത്.
അതേസമയം, ചെന്നിത്തലയെ വെട്ടാനുള്ള ആസൂത്രിതനീക്കം വേണുഗോപാലിന്റെ നേതൃത്വത്തിൽ നേരത്തേ ആരംഭിച്ചിരുന്നതായും ഐ ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു. സതീശനായി കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകളിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചാരണം നടത്തി അദ്ദേഹത്തിന് അനുകൂലമായ പൊതുവികാരം സൃഷ്ടിച്ചു. ഒരു പിആർ സംഘത്തെ ഇതിനായി നിയോഗിച്ചതായും ചെന്നിത്തല വീണ്ടും പ്രതിപക്ഷനേതാവാകുന്നത് തടയാൻ ആസൂത്രിതമായ നിരവധി വ്യാജവാർത്തകൾ പ്രചരിപ്പിച്ചതായും അനുയായികൾ പറയുന്നു. ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്കായി ഹൈക്കമാൻഡിനെ വിളിച്ചു, കെ സി ജോസഫ് കെപിസിസി പ്രസിഡന്റാവും, ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവയ്ക്കും തുടങ്ങിയ വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണെന്നാണ് ആരോപണം.















