കൊല്ലം
നിയമസഭാ വോട്ടെടുപ്പു ദിവസം ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസിൽ അരൂരിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർടി (ഡിഎസ്ജെപി) സ്ഥാനാർഥിയും നടിയുമായ പ്രിയങ്കയെ അന്വേഷക സംഘം ചോദ്യംചെയ്തു. ചാത്തന്നൂരിലെ എസിപി ഓഫീസിൽ തിങ്കളാഴ്ച മൂന്നു മണിക്കൂറോളം പ്രിയങ്കയെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ചെലവ് നൽകിയത് വിവാദവ്യവസായി ദല്ലാൾ എന്ന നന്ദകുമാറാണെന്ന് പ്രിയങ്ക മൊഴി നൽകി. ഫണ്ട് നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴിയാണ്. ജയകുമാർ സ്വന്തം അക്കൗണ്ടിൽനിന്ന് ഗൂഗിൽപേ വഴി ഒന്നര ലക്ഷം രൂപ എസ്ബിഐ വെണ്ണല ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചു. നാലു ലക്ഷത്തോളം രൂപ നേരിട്ടു തന്നു. തെരഞ്ഞെടുപ്പിൽ ആകെ ഏഴുലക്ഷം രൂപ ചെലവായി.
നിരന്തരം ആവശ്യപ്പെട്ടിട്ടും തന്റെ കൈയിൽനിന്നു ചെലവായ തുക നന്ദകുമാർ നൽകിയില്ല. തന്റെ ഫോൺ നമ്പർ നന്ദകുമാർ ബ്ലോക്ക് ചെയ്തു. നന്ദകുമാർ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പ്രിയങ്ക പറഞ്ഞു. ചെലവിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടില്ല. കണക്ക് നന്ദകുമാറിന്റെ പക്കലാണ്. ഇതു സംബന്ധിച്ച് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് നന്ദകുമാറാണ്. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് മത്സരിക്കാൻ തയ്യാറായത്. കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയ്ക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥി എന്നു പറഞ്ഞ് പത്രിക നൽകുന്നതിനു മുമ്പ് ഷിജു എം വർഗീസിനെ നന്ദകുമാർ പരിചയപ്പെടുത്തിയിരുന്നു. അന്ന് കണ്ടതല്ലാതെ ഷിജു വർഗീസുമായി ഒരു ബന്ധവുമില്ല. മാധ്യമവാർത്തകളിലൂടെയാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞതെന്നും പ്രിയങ്ക മൊഴി നൽകി.
പ്രിയങ്കയുടെ മാനേജർ തൗഫീക്കിനെയും അന്വേഷക സംഘം ചോദ്യം ചെയ്തു. ഡിഎസ്ജെപി സ്ഥാനാർഥിയായി വേങ്ങരയിൽ പത്രിക സമർപ്പിച്ച ട്രാൻസ്ജെൻഡർ അനന്യകുമാരി ചൊവ്വാഴ്ച ഹാജരാകും. ഡൽഹിയിലുള്ള ദല്ലാൾ നന്ദകുമാർ മൂന്നു ദിവസത്തിനകം ഹാജരാകുമെന്ന് അറിയിച്ചതായി അന്വേഷണച്ചുമതലയുള്ള എസിപി വൈ നിസാമുദീൻ പറഞ്ഞു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.
കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർഥി ജെ മേഴ്സിക്കുട്ടിഅമ്മയെ അപകീർത്തിപ്പെടുത്തി പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പ് ദിവസം ഷിജു എം വർഗീസിന്റെ നേതൃത്വത്തിൽ സ്വന്തം കാറിന് പെട്രോൾ ബോംബേറ് നാടകം ആസൂത്രണംചെയ്തത്.