കൊല്ലം
‘കടൽ നാടക’ത്തിനെത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ഹോട്ടലിൽ മുറി വാടക നൽകാത്തത് ഫെയ്സ്ബുക്കിൽ പോസ്റ്റ്ചെയ്ത കോൺഗ്രസ് മൈനോറിറ്റിസെൽ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക് മുസ്തഫയെ പാർടിയിൽനിന്നു പുറത്താക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ പാർടിയുടെ ദേശീയ നേതാക്കൾക്ക് ഉൾപ്പെടെ അവമതിപ്പ് ഉണ്ടാക്കിയതിനാണ് നടപടിയെന്ന് ഡിസിസിയുടെ ലെറ്റർപാഡിൽ വൈസ്പ്രസിഡന്റ് എസ് വിപിനചന്ദ്രന്റെ ഒപ്പോടെ തിങ്കളാഴ്ച പുറത്തിറക്കിയ കത്തിൽ പറഞ്ഞു. നടപടിയെ പരിഹസിച്ചും മുസ്തഫ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ചിലരൊക്കെ കരഞ്ഞതുപോലെ ആളെക്കൂട്ടി കരയാൻ തനിക്കറിയില്ല. കള്ളത്തരം മറയ്ക്കാൻ കുറ്റം ആരോപിക്കുമ്പോൾ കുറച്ചുകൂടി സത്യമുള്ളത് നിരത്തിക്കൂടേ എന്നും എഫ്ബി പോസ്റ്റിൽ പറഞ്ഞു.
കൊല്ലം ബീച്ചിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രാഹുൽഗാന്ധി താമസിച്ച സ്യൂട്ടിന്റെ വാടക നൽകാത്തത് വിവാദമായിരുന്നു. വാർത്ത പുറത്തുവന്ന ശേഷം മുറി വാടക നൽകിയതായി ഹോട്ടൽ ജനറൽ മാനേജരുടെ അറിയിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. പണം അടച്ചതിന്റെ രേഖകൾ ഇല്ലാതെ ഹോട്ടലിന്റെ ലെറ്റർപാഡിലുള്ള കത്താണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തീയതി വയ്ക്കാത്ത ലെറ്റർപാഡ് ചോദ്യം ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലും ചർച്ച സജീവമായി.