തിരുവനന്തപുരം
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൈവരിച്ച നേട്ടങ്ങൾ നിയമസഭയിൽ മുഖരിതമായി. നന്ദിപ്രമേയ ചർച്ചയെ പിന്തുണച്ച് എൽഡിഎഫ് അംഗങ്ങൾ, സർക്കാരിന്റെ ബദൽ നയങ്ങൾ സഭയിൽ വിശദീകരിച്ചു. സ്തുതിപാഠകരുടെ തടവറയിലാണ് കോൺഗ്രസ് എന്നും അതിൽനിന്ന് മോചനം നേടാതെ അവർക്ക് രക്ഷയില്ലെന്നും എ എൻ ഷംസീർ പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുള്ളതാണ് ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനമെന്ന് സി എച്ച് കുഞ്ഞമ്പു പറഞ്ഞു. കേരളത്തിന്റെ ദീർഘകാല പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടുള്ളതാണ് ഗവർണറുടെ നയപ്രഖ്യാപനമെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാൻ ബിജെപിക്കൊപ്പംചേർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച യുഡിഎഫിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കനത്ത പരാജയമെന്ന് യു പ്രതിഭ പറഞ്ഞു. ക്ഷേമപദ്ധതികളിലൂടെ പ്രതിസന്ധിക്കാലത്ത് ജനങ്ങളെ സംരക്ഷിച്ച എൽഡിഎഫ് സർക്കാരിനുള്ള അംഗീകാരമാണ് തുടർഭരണമെന്ന് കെ ആൻസലൻ പറഞ്ഞു. ക്ഷേമം, വികസനം എന്നിവയ്ക്കൊപ്പം മതനിരപേക്ഷത സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ജനങ്ങൾ അംഗീകരിച്ചതായി എം നൗഷാദ് പറഞ്ഞു. നാല് വോട്ടിനുവേണ്ടി സമുദായ സംഘടനകളെ വിഭജിച്ചവരാണ് മുസ്ലിംലീഗെന്ന് പി വി അൻവർ പറഞ്ഞു.
സർക്കാർ ജനങ്ങൾക്കൊപ്പം നിന്നപ്പോൾ യുഡിഎഫ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം ചേർന്ന് ലൈഫ് പോലുള്ള പദ്ധതികൾ തകർക്കാനാണ് ശ്രമിച്ചതെന്നും അതിനുള്ള ജനങ്ങളുടെ അടിയാണ് തെരഞ്ഞെടുപ്പ് തോൽവിയെന്നും ഇ കെ വിജയൻ പറഞ്ഞു. എന്നും ജനങ്ങൾക്കൊപ്പം നിന്നവരാണ് എൽഡിഎഫ് എന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു.
പല കാര്യത്തിലും എൽഡിഎഫ് സർക്കാർ ഒന്നാം സ്ഥാനം നേടിയതിന്റെ പ്രതിഫലനമാണ് തിളക്കമാർന്ന തുടർഭരണമെന്ന് ഡി കെ മുരളി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ ശോഭ കെടുത്താനാണ് യുഡിഎഫ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പിന്നാലെ പോയതെന്ന് മാത്യു ടി തോമസ് പറഞ്ഞു.