കൊച്ചി
കൊച്ചിയിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പുകേസിലെ പ്രതി രവി പൂജാരിയെ എറണാകുളം അഡീഷണൽ സിജെഎം കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എട്ടുവരെയാണ് കസ്റ്റഡി കാലാവധി. ബംഗളൂരു പരപ്പന ജയിലിൽ വിചാരണത്തടവുകാരനായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘമെത്തി കസ്റ്റഡിയിലെടുക്കും.
കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ രവി പൂജാരിയെ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നാംപ്രതിയാണ് രവി.
2018 ഡിസംബർ 15നാണ് കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്തത്. രവിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മരിയ പോൾ പൊലീസിന് മൊഴിനൽകി. വെടിവയ്പിന് ഒരുമാസംമുമ്പ് തന്നോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. രവി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2019 ജനുവരി അഞ്ചിന് സെനഗലിലാണ് രവി പൂജാരി പിടിയിലായത്. പിന്നീട് ഇന്ത്യയിലെത്തിച്ച് ബംഗളൂരു പൊലീസിന് കൈമാറി പരപ്പന അഗ്രഹാര ജയിലിലടച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ ഇരുനൂറോളം കേസുണ്ട്. ലീന മരിയ പോളും നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ്. 2015ൽ തട്ടിപ്പുകേസിൽ ചെന്നൈ ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.