അടൂർ: കോവിഡ് മഹാമാരിക്കാലത്ത് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽനിന്ന് ഒരു ശുഭ വാർത്ത. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഇന്ന് പൂർണ ആരോഗ്യവതി. ജനുവരി 12ന്, 24 ആഴ്ച (ആറു മാസം) ഗർഭിണി ആയിരുന്നപ്പോളാണ് പത്തനംതിട്ട, തട്ടയിൽ അഭിഷേക് സി.നായരുടെ ഭാര്യ അമൃത കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചപ്പോൾ 430 ഗ്രാം മാത്രം തൂക്കമാണ് കുഞ്ഞിനുണ്ടായിരുന്നത്.
കിങ്ങിണി എന്ന് വിളിക്കുന്ന അവരുടെ പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായതിൽ ആഹ്ലാദത്തിലാണ് അമ്മയും അച്ഛനും. പ്രത്യേകിച്ചും സൈനീകനായ അച്ഛൻ അഭിഷേക്. ഇപ്പോൾ അഞ്ചരമാസം പ്രായമായ കിങ്ങിണി ബുദ്ധിക്കും വളർച്ചക്കും യാതൊരു വൈകല്യവുമില്ലാതെ ആരോഗ്യവതിയായിരിക്കുന്നു.
തുടക്കത്തിൽ 390 ഗ്രാം വരെ തൂക്കം കുറഞ്ഞ കുട്ടിയെ 120 ദിവസത്തെ വിദഗ്ഗ ചികിത്സക്ക് ശേഷം 1800 ഗ്രാമിൽ എത്തിക്കാനായതിൽ കൃതാർഥനാണ് ചികിത്സക്ക് നേതൃത്വം വഹിച്ച ലൈൻ ആശുപത്രി എൻ.ഐ.സി.യു. മേധാവി ഡോ. ബിനു ഗോവിന്ദ് പറഞ്ഞു. അതിനൂതനമായ ചികിത്സാ സംവിധാനമുള്ള എൻ.ഐ.സി.യുവിൽ അദ്ദേഹത്തിന്റെ കീഴിൽ ഉള്ള വിദഗ്ഗ സംഘമാണ് കുട്ടിയെ പരിചരിച്ചത്. ഡോ. ജൂഡി ബാബുതോമസ് (സീനിയർ പീഡിയാട്രീഷൻ), ഡോ. അരുൺ കൃഷ്ണ (പീഡിയാട്രീഷൻ), ഡോ. ഷാഹിൽ എ. (പീഡിയാട്രീഷൻ), ഡോ. നിയാസ് മുഹമ്മദ് (പീഡിയാട്രീഷൻ) എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്.
ഇതിനു മുൻപ്, 2018 നവംബറിൽ 510 ഗ്രാം തൂക്കത്തിൽ ജനിച്ച കരുനാഗപ്പള്ളി സ്വദേശി നഫീസത്തുൽ മിസ്രിയ ആയിരുന്നു ലൈഫ് ലൈൻ എൻ.ഐ.സി.യുവിന്റെ പരിചരണത്തിൽ രക്ഷപ്പെട്ട ഏറ്റവും ഭാരം കുറഞ്ഞ കുട്ടി. ആ റെക്കോർഡ് ആണ് കിങ്ങിണി തിരുത്തിയിട്ടുള്ളത്.
ഡോ. ബിനു ഗോവിന്ദ്, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യു ജോൺ, ഡാ. ജൂഡി ബാബു തോമസ്, സി.ഇ.ഒ ഡോ. ജിയോ ചക്കാഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Adoor life line hospital