കാസർകോട്: പെരുമ്പാമ്പ് ഉൾപ്പെടെയുള്ള പാമ്പുകളെ ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക് ചാക്കിൽക്കെട്ടി ഉപേക്ഷിക്കുന്നതായി പരാതി. കാസർകോട് പനയാലിലാണ് ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ പാമ്പുകളെ ഉപേക്ഷിക്കുന്നത്. ഗുരുതരമായ നിയമലംഘനമാണ് നടക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കാസർകോട് പള്ളിക്കര പഞ്ചായത്തിലാണ് പനയാൽ പ്രദേശം. ഇവിടുത്തെ സ്കൂളിന് അടുത്തുള്ള ഉപയോഗശൂന്യമായ ഒരു വാട്ടർ ടാങ്കുണ്ട്. പ്രദേശത്തുനിന്ന് റെസ്ക്യൂവർ പിടികൂടുന്ന പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വരുന്നിടം വരെ ഈ ടാങ്കിൽ സൂക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ചുകാലമായി ഇവിടം വനംവകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നില്ലെന്നാണ് പറയുന്നത്.
മുൻപ് റെസ്ക്യൂവർ ഈ ടാങ്ക് പാമ്പുകളെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പിറ്റേദിവസം അല്ലെങ്കിൽ തൊട്ടടുത്ത കൃത്യമായി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും പാമ്പുകളെ കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിനാൽ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല, റെസ്ക്യൂവർ നാലുമാസം മുൻപ് ജോലി അവസാനിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.
ഇന്ന് ടാങ്കിൽനിന്ന് ദുർഗന്ധം ഉയർന്നപ്പോൾ പ്രദേശവാസികൾ പരിശോധന നടത്തി. അപ്പോഴാണ് പാമ്പുകളെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ചിലത് ചത്തനിലയിലും മറ്റു ചിലതിന് ജീവനുമുണ്ടായിയിരുന്നു. ആരാണ് ഇവിടെ പാമ്പിനെ കൊണ്ടിട്ടതെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
content highlights:snakes found in abandoned watertank