തിരുവനനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉമ്മൻചാണ്ടിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് അയച്ച കത്ത് ഊഹാപോഹമാണെന്ന് കെസി ജോസഫ്. കത്തിലെ ഉള്ളടക്കം കത്ത് കിട്ടിയ ആൾക്കും അതെഴുതിയ ആൾക്കും മാത്രമേ അറിയു. അതെല്ലാം അടഞ്ഞ അധ്യായമാണ്. കത്ത് കിട്ടയവരും എഴുതിയവരും തമ്മിൽ അക്കാര്യം തീരുമാനിക്കട്ടെയെന്നും എ ഗ്രൂപ്പ് നേതാവായ കെസി ജോസഫ് പരിഹസിച്ചു.
ഉമ്മൻചാണ്ടിയെ വിമർശിച്ച് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചത് സംബന്ധിച്ച വിവാദങ്ങളിൽ ചെന്നിത്തല ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് കെസി ജോസഫിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് സമയത്ത് ഇടയ്ക്ക് കയറിവന്ന പുതുമുഖമല്ല ഉമ്മൻചാണ്ടി. എല്ലാഘട്ടത്തിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കെസി ജോസഫ് വ്യക്തമാക്കി. അവസാന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന് നേരത്തെ ചെന്നിത്തല കേന്ദ്രത്തിന്
അയച്ച കത്തിൽ പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.
ഭൂരിപക്ഷ വോട്ടുകൾ കുറഞ്ഞതല്ല കോൺഗ്രസിന്റെ പരാജയ കാരണമെന്നും കെസി വ്യക്തമാക്കി. പ്രതീക്ഷിച്ചപോലെ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനും യുഡിഎഫിനും ലഭിച്ചിട്ടില്ല. ചില മേഖലകളിൽ വോട്ടുകൾ ചോർന്നു. അതിന്റെ കാരണം കോൺഗ്രസ് പഠിക്കും. തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ പലതാണെന്നും കെസി ജോസഫ് പറഞ്ഞു.
content highlights:KC Joseph against Ramesh Chennithala