ആകെ നഷ്ടമായ മൂന്നര കോടി രൂപയിൽ ഒരു കോടി രൂപ മാത്രമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. രണ്ടര കോടി രൂപയ്ക്കുവേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. ഇരുപത് പേർക്കായി പണം വീതിച്ച് നൽകിയെന്നാണ് പ്രതികൾ പറയുന്നത്.
കേസിൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ ഇന്ന് ചോദ്യം ചെയ്തു. പ്രതികളായ ധർമ്മരാജൻ അടക്കമുള്ള സംഘത്തിന് തൃശൂരിൽ മുറിയെടുത്ത് നൽകിയതിനാണ് സതീശിനെ ചോദ്യം ചെയ്തത്. ജില്ലാ നേതാക്കൾ പറഞ്ഞിട്ടാണ് മുറിയെടുത്തതെന്നും എന്ത് കാര്യത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും സതീശ് മൊഴി നൽകി. കൊടകര കുഴൽപണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.
ഇയാൾക്കു പുറമെ ബിജെപി ജില്ലാ ട്രഷറർ സൂരജ് സേനൻ്റെ ബിസിനസ് പങ്കാളി പ്രശാന്തിനെയും പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ജില്ലാ ട്രഷററെ പോലീസ് മുൻപ് ചോദ്യം ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കണക്കിൽപ്പെടാത്ത വൻ തുക സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ചതിൽ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പണം കവര്‍ച്ച ചെയ്ത സംഭവവുമായി പാര്‍ട്ടിയ്ക്കു ബന്ധമില്ല.
കൊടകരയിൽ വെച്ചു നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ് വ്യക്തമാക്കിയത്. പരാതിക്കാരനായ ധര്‍മരാജനെ ഫോണിൽ ബന്ധപ്പെട്ടത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണെന്നും ഇയാൾ വിശദീകരിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.