കണ്ണൂർ
കേരളത്തിൽ മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുള്ള ആദ്യ കോവിഡ്ചികിത്സ കണ്ണൂരിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ വ്യവസായിയും ഭാര്യയുമാണ് കഴിഞ്ഞ ദിവസം മരുന്ന് സ്വീകരിച്ചത്. കണ്ണൂർ ജിം കെയർ ആശുപത്രിയിലെ സാംക്രമികരോഗവിഭാഗം കൺസൾട്ടന്റ് ഡോ. ടി പി രാകേഷിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽനിന്നെത്തിയ ഡോ. കോളിൻ ജോസഫും ഡോ. രാകേഷുമാണ് വെള്ളിയാഴ്ച രാത്രി മരുന്ന് നൽകിയത്. അമേരിക്കയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ഹാഷിമിന്റെ വിദഗ്ധാഭിപ്രായവും തേടി. വിദേശത്തെ കോവിഡ് ചികിത്സയിൽ പ്രസിദ്ധമായ ഈ മരുന്നാണ്, കോവിഡ് ബാധിതനായപ്പോൾ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകിയത്.60,000 രൂപയാണ് ഇഞ്ചക്ഷന്റെ വില. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ. റാസിഫ് നടത്തിയ അന്വേഷണമാണ് പുതിയ മരുന്നിലെത്തിയത്. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയ ഈ മരുന്ന് വെള്ളിയാഴ്ച സിപ്ല മരുന്നുകമ്പനി കേരളത്തിൽ വിൽപ്പനയാരംഭിച്ചു. കോഴിക്കോട്ടെ ‘അവിഗ്ന’ എന്ന മരുന്നുവിതരണക്കാരിൽനിന്ന് വൈകിട്ടോടെ കണ്ണൂരെത്തി. കുത്തിവയ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ ആശുപത്രി വിട്ടു.
കോവിഡ് ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഈ ചികിസ സ്വീകരിച്ചാൽ രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നത് എഴുപതു ശതമാനത്തോളം കുറയും. ഈ ആന്റിബോഡി ശരീരത്തിലെ വൈറസുകളെ നിർവീര്യമാക്കും. ഈ മരുന്ന് വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഒരു കോവിഡ് രോഗിക്ക് നൽകിയിട്ടുണ്ട്.














