തൃശൂർ
ഇന്ത്യൻ ഫുട്ബോളിന്റെ വിസ്മയതാരം സി വി പാപ്പച്ചൻ പൊലീസ് സേവനത്തിൽനിന്ന് പടിയിറങ്ങുന്നു. രാജ്യത്താകമാനം പ്രത്യേകിച്ച് കേരളത്തിനും, കേരള പൊലീസിനുമായി പച്ചപ്പുൽ മൈതാനത്ത് കാൽപ്പന്തുകളികൊണ്ട് വിസ്മയം സൃഷ്ടിച്ച പാപ്പച്ചൻ, കേരള പൊലീസ് അക്കാദമിയിൽ കമാൻഡന്റായാണ് വിരമിക്കുന്നത്. ഇനിയുള്ള കാലം കലയും, കളിപരിശീലനവും ഒക്കെയായി സജീവമായി രംഗത്തുണ്ടാകുമെന്ന് പാപ്പച്ചൻ.
പന്തടക്കവും ഡ്രിബ്ലിങ്ങുംകൊണ്ട് മൈതാനങ്ങളെ വിസ്മയിപ്പിച്ച പാപ്പച്ചൻ ഇന്ത്യൻ ഫുട്ബോളിൽ തന്റേതായ കൈയൊപ്പിട്ടാണ് പൊലീസ് സേനയോട് വിടപറയുന്നത്. ഗോൾ കീപ്പർമാർക്കുള്ള അക്കാദമി തുടങ്ങി ഫുട്ബോൾ ലോകത്ത് സജീവമാകും, ഒപ്പം തന്റെ ഇഷ്ടങ്ങളായ പഞ്ചാരിമേളത്തിന്റെയും സാക്സോഫോണിന്റെയും തുടർ പരിശീലനങ്ങളും അദ്ദേഹം ലക്ഷ്യമിടുന്നു.
ജന്മനാടായ പറപ്പൂരിലെ എൽപി സ്കൂൾ മൈതാനത്തുനിന്ന് പന്ത് തട്ടി തുടങ്ങിയ പാപ്പച്ചൻ കലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സി അണിഞ്ഞാണ് ഫുട്ബോൾ രംഗത്തേക്ക് വന്നത്. തുടർന്ന് പ്രീമിയർ ടയേഴ്സിന്റെ കളിക്കാരനായി. നാഗ്ജി ഫുട്ബോളിൽ കളിച്ചു. 1985-ൽ എഎസ്ഐ തസ്തികയിൽ പൊലീസിൽ ചേർന്നു. 1998വരെ അദ്ദേഹം പൊലീസിന്റെ ഫുട്ബോൾ ടീമിൽ നിറഞ്ഞുകളിച്ചു. പിന്നീടാണ് യൂണിഫോം ഇട്ട് സേനയുടെ ജോലികളിൽ എത്തിയത്. രാജ്യത്തെ പ്രമുഖ ക്ലബുകളിൽനിന്ന് വമ്പൻ ഓഫറുകൾ ഉണ്ടായെങ്കിലും, കേരള പൊലീസ് സേവനം ഉപേക്ഷിച്ച് എങ്ങോട്ടും പോയില്ല.
1990-ൽ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ സൽഗോക്കറിനെ അട്ടിമറിച്ച് കേരള പൊലീസ് ആദ്യമായി ഫെഡറേഷനിൽ മുത്തമിട്ടത് പാപ്പച്ചൻ അടിച്ച ഇരട്ട ഗോളിലൂടെയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളിനാണ് പൊലീസ് അന്ന് കിരീടം ചൂടിയത്. സന്തോഷ് ട്രോഫിയിൽ നിരവധി തവണ കളിച്ച അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. വി പി സത്യൻ, ഐ എം വിജയൻ, യു ഷറഫലി, തോബിയാസ്, കെ ടി ചാക്കോ, കുരികേശ് മാത്യു തുടങ്ങി കളിക്കാർ സഹതാരങ്ങളായിരുന്നു. ഇന്ത്യക്കായി നിരവധി തവണ ജേഴ്സിയണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ നായകനുമായി. നെഹ്റു ട്രോഫി ഫുട്ബോളിൽ ഹംഗറിക്കെതിരേ നേടിയ ഗോൾ പാപ്പച്ചന്റെ മിന്നുംഗോളുകളിൽ ഒന്നായിരുന്നു. 2020-ൽ പാപ്പച്ചന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.