തൃശൂർ
ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസ് സമ്പദ്വ്യവസ്ഥ തകർക്കുന്ന കുറ്റകൃത്യമെന്ന് പൊലീസ്. അന്വേഷണം വഴി തെറ്റിക്കാൻ പരാതിയിൽ 25 ലക്ഷമാക്കി ചുരുക്കി. പണത്തിന്റെ അളവും ഉറവിടവും കണ്ടെത്തണമെന്നും അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ഇതിനകം ഒരു കോടിയിൽപ്പരം രൂപ അന്വേഷകസംഘം കണ്ടെടുത്തു. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നതായി പരാതിക്കാരൻ ധർമരാജ് മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് വഴിയാണ് ധർമരാജിന് പണം എത്തിയത്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടിയോളമാണെന്ന് മുഖ്യപ്രതികളിലൊരാളായ രഞ്ജിത്തും മൊഴി നൽകി. ധർമരാജ് മുമ്പും ബിജെപിക്കുവേണ്ടി കുഴൽപ്പണ ഇടപാട് നടത്തിയതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ധർമരാജന്റെ വിശ്വസ്തനാണ് വണ്ടിയോടിച്ചിരുന്ന ഷംജീർ. കാർ തകർത്താണ് പണം എടുത്തത്.
തൃശൂർ റേഞ്ച് ഡിഐജി എ അക്ബറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 20 പ്രതികളെ അറസ്റ്റ് ചെയ്തു. കേസിന് അന്തർസംസ്ഥാന ബന്ധം സംശയിക്കുന്നതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ നിരസിക്കണമെന്ന് അന്വേഷകസംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.