കൊച്ചി
സിപിഐ എം എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു. സന്ദർശനത്തിനായി എംപിമാരുടെ സംഘം ദ്വീപ് അഡ്മിനിസ്ട്രേഷന്റെ അനുമതി തേടിയിരുന്നു. എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ് എന്നീ എംപിമാരാണ് അനുമതി തേടിയത്. കോവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചത്. ദ്വീപുജനതയെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ ഇടപെടലുകൾ ഇല്ലാതാക്കാനാണ് അനുമതി നിഷേധിച്ചതെന്ന് എ എം ആരിഫ് എംപി പറഞ്ഞു.
കൊച്ചി
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിതായ പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ്. ദ്വീപ് നിവാസികൾ തേങ്ങ സൂക്ഷിക്കുന്ന ഷെഡ് പൊളിച്ചുനീക്കുമെന്നാണ് അഗത്തി ഡെപ്യൂട്ടി കലക്ടറാണ് ഞായറാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നത്. 50 വർഷംമുമ്പ് സ്ഥാപിച്ച ഷെഡുകളാണ് തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് ആരോപിച്ച് പൊളിക്കുന്നത്. ഇതിനെരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്ന് അവർ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് പഞ്ചായത്ത് ചെയർപേഴ്സന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർക്ക് കത്തയച്ചു. ലക്ഷദ്വീപിലെ ബിജെപി നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.