ന്യൂഡൽഹി> അതിശക്തമായ കാറ്റും മഴയും വരുത്തിയ നാശനഷ്ടത്തിൽ പതറാതെ ഷാജഹാൻപുരിൽ കർഷകർ ശക്തമായ സമരം തുടരുന്നു. തുടർച്ചയായി മൂന്നാമതും വീശിയടിച്ച കാറ്റിൽ കർഷകരുടെ കൂടാരങ്ങൾ തകർന്നു. മഴയിൽ കിടക്കകളും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും നശിച്ചു. വൈദ്യുതിവിതരണം താറുമാറായി.
എന്നാൽ സമരം തുടരാൻ തീരുമാനിച്ച് തയ്യാറെടുപ്പുകൾ അതിവേഗം നടത്തുകയാണ് കർഷകർ. ഗ്രാമങ്ങളിൽനിന്ന് സാമഗ്രികൾ എത്തിക്കുന്നു. അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, അഖിന്ത്യേ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, രാജസ്ഥാൻ ഘടകം സെക്രട്ടറി പവൻ ദുഗ്ഗൽ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
നേതാക്കള് സന്ദര്ശിക്കുന്നു
കർഷകരുടെ ദുരവസ്ഥയ്ക്ക് കാരണം മോഡിസർക്കാരാണെന്നും വരും ദിനങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്നും കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പറഞ്ഞു.
ഇതിനിടെ ടിക്രി, സിൻഘു അതിർത്തികളിലെ സമരകേന്ദ്രങ്ങളിൽ കൂടുതൽ കർഷകർ മടങ്ങിയെത്തി. വിളവെടുപ്പിനായി ഗ്രാമങ്ങളിലേയ്ക്ക് പോയ കർഷകരാണ് തിരിച്ചെത്തിയത്. സിൻഘുവിൽ കിസാൻസഭ നേതൃത്വത്തിൽ നടന്ന റാലിയിൽ അശോക് ധാവ്ളെ, പി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.
പരിക്കേറ്റ കര്ഷകന്