തിരുവനന്തപുരം
കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂൺ 15നകം പരമാവധികൊടുക്കാനാണ് ലക്ഷ്യമിടുന്നത്. വൃദ്ധസദനങ്ങളിൽ എല്ലാവർക്കും പെട്ടെന്ന് വാക്സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസ്സിനു മുകളിലുള്ളവർക്കും വാക്സിനേഷൻ പരമാവധി പൂർത്തീകരിക്കും. കിടപ്പുരോഗികൾക്ക് വാക്സിൻ നൽകാൻ പ്രത്യേകം ശ്രദ്ധ നൽകും. ബ്ലാക്ക് ഫംഗസ് രോഗികൾ ചുരുക്കമാണുള്ളത്, അവർക്കും മരുന്ന് ലഭ്യമാക്കും.
പ്രവാസി സർട്ടിഫിക്കറ്റിന് സഹായിക്കും
പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിൽ നൽകുമ്പോൾ ആധാർ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. കൈയിലുള്ള മൊബൈൽ നമ്പരിൽ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും.
പ്രത്യേക പരിശോധന
നടത്തും
212 തദ്ദേശ സ്ഥാപനത്തിൽ 30 ശതമാനത്തിനു മുകളിലാണ് രോഗസ്ഥിരീകരണ നിരക്ക്. 17 ഇടത്ത് 50 ശതമാനത്തിനു മുകളിലും. ഇവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും. ഇടുക്കിയിലെ വട്ടവട, മറയൂർ, കാന്തല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ കലക്ടറെ ചുമതലപ്പെടുത്തി. നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കും.
മലപ്പുറത്ത് 25 പഞ്ചായത്തിൽ സമൂഹ അടുക്കളയില്ല
മലപ്പുറത്ത് 25 പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുമില്ല. ജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതികളാണ് ഇവയൊക്കെ. അക്കാര്യത്തിൽ അലംഭാവം പാടില്ല. അടുക്കള നിലവിൽ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.