കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വേദനയും നിരാശയും ഉണ്ടാക്കുന്നതാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ പോവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് ഉദ്യോഗസ്ഥ പ്രാതിനിധ്യത്തിൽ മുസ്ലീം പ്രാതിനിധ്യം കുറയാൻ കാരണം. ഹൈക്കോടതി റദ്ദാക്കിയ സ്കോളർഷിപ്പിന്റെ ലക്ഷ്യം മുസ്ലീം പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്കോളർഷിപ്പിനെ റദ്ദാക്കി കൂടായെന്നും കാന്തപുരം പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിൽ പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. ന്യൂനപക്ഷ സമുദാംയാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലീംങ്ങൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തന ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്