തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനൂകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്പീൽ അടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കുക. വിധി പഠിച്ച ശേഷം സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. എ.ജിയുടെ നിയമോപദേശം തേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ സംഘടനകൾ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുമ്പോൾ മുസ്ലീംലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മറ്റു മുസ്ലീം സംഘടനകളും സർക്കാർ അപ്പീൽ നൽകണമെന്ന ആവശ്യത്തിലാണ്. ഇതാണിപ്പോൾ സർക്കാറിനെ സമ്മർദ്ദിലാക്കിയിരിക്കുന്നത്. ഏതു തീരുമാനം എടുത്താലും ഏതെങ്കിലും ഒരു സംഘടന എതിർപ്പുമായി രംഗത്തുവരും. ഈ സാഹചര്യത്തിലാണ് സർക്കാർ നിയമവകുപ്പിന്റെ സഹായം തേടിയത്.
ഹൈക്കോടതി വിധി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിധിക്ക് കാരണമായ കാര്യങ്ങൾകൂടി നിയമവകുപ്പ് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സമഗ്രമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക.
വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. 80 ശതമാനം സ്കോളർഷിപ്പുകൾ മുസ്ലീംങ്ങൾക്കും 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നത്. ഇതാണിപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.
content highlights:minority scholarship, CM seek report from law department