പാലക്കാട്: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിൽപ്രതികരണവുമായി മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി.
80:20 അനുപാതം എൽ.ഡി.എഫ്. സർക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി പറഞ്ഞു. ലീഗിന് വഴങ്ങിയാണ് യു.ഡി.എഫ്ഈ അനുപാതം നടപ്പാക്കിയത്. യു.ഡി.എഫ്. സർക്കാർ 80:20 അനുപാതം കൊണ്ടുവരാൻ കാരണം അനത്തെ സർക്കാരിലെ കോൺഗ്രസ് ലീഗ് ബലാബലം ആണ്. ഇത് സാമുദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണമെന്നതായിരുന്നു എൽ.ഡി.എഫ്. നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, നിലവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയെ, ഒരു വിവേചനം നടക്കുന്നതിനെതിരായ വിധിയായി കാണാനാകുമെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. 80:20 എന്ന രീതിയിലുള്ള സമീപനം എടുത്തത് മറ്റ് സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കാൻ ഇടവന്നിട്ടുണ്ട്. 2011-ൽ അധികാരത്തിൽ വന്ന സർക്കാർ അവസാനഘട്ടത്തിൽ വിഷയത്തിൽ വരുത്തിയ മാറ്റമാണ് 80:20 എന്ന അനുപാതത്തിലെത്താൻ കാരണമായത്. ഇത്രയും വലിയൊരു വിവേചനം വന്നു എന്നൊരു വികാരം മറ്റ് സമുദായങ്ങൾക്കിടയിൽ ഉണ്ടാക്കാൻ സഹായകരമായി. അത്തരം ഒരു വിഭജനം വേണ്ടിയിരുന്നില്ല എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ്. സർക്കാർ 80:20 അനുപാതം കൊണ്ടുവരാൻ കാരണം അന്നത്തെ സർക്കാരിലെ കോൺഗ്രസ് ലീഗ് ബലാബലം ആണെന്നും പാലൊളി കൂട്ടിച്ചേർത്തു. 80:20 അനുപാതം വർഗീയ വികാരം ആളിക്കത്തിക്കാൻ ഇടവരുത്തുന്നാതാണ്. അതാണ് അപകടവും. വളരെ വികാരപരമായി പ്രശ്നം ഉയർത്താനും ജനങ്ങൾക്കിടയിൽ വർഗീയമായ ചിന്തയിലേക്ക് പോകാനും ഇടവരുത്തുന്ന നടപടിയായിപ്പോയി 80:20 അനുപാതമെന്നും അദ്ദേഹം പറഞ്ഞു.
content highlights:paloli muhammed kutty on high court ruling to nullify 80:20 ratio of minority scholarship allotment