കൊല്ലം: പാർട്ടിയിൽനിന്ന് താൻ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങൾക്കാണെന്നും പാർട്ടി അവധി അംഗീകരിച്ചിട്ടില്ലെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
സംഘടനാ രംഗത്ത് നേതൃനിരയിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് അവധിയായി കാണണമെന്നും പാർട്ടി സമിതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുവെന്നുള്ള വ്യാഖ്യാനം തെറ്റാണ്. എന്നും ഒരു ആർഎസ്പിക്കാരനായി തന്നെ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്പി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് ലീവെടുത്തത്.
ചവറയിൽ രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും തന്റെ തോൽവിയിൽ ഘടകമായി. ഓരോ പ്രദേശത്തും രാഷ്ട്രീയ കരുത്തിനനുസരിച്ചുള്ള വോട്ടുണ്ടായിരുന്നു. ചില സമുദായങ്ങൾക്ക് പലരീതിയിലുള്ള വികാരങ്ങളുണ്ടായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കിൽ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി എന്റെ തോൽവിക്ക് കാരണം അതാണെന്ന് തോന്നുന്നു.
കോൺഗ്രസിന്റേയും ആർഎസ്പിയുടേയും അനുഭാവികൾ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിർദേശമായി കാണുന്നില്ല. അത്തരമൊരു നിഗമനമില്ല. വിശ്വാസമർപ്പിച്ചിരുന്ന അനുഭാവികളായ സമൂഹത്തിനെ ചേർത്ത് പിടിക്കാനായില്ല.
2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വെച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് ജനിച്ച സമുദായം വെച്ചാണ് നോക്കുന്നത്. കേരളത്തിന്റെ നമ്മൾ അഭിമാനിച്ചിരുന്ന രാഷ്ട്രീയ പൈതൃകം നഷ്ടപ്പെട്ടുപോയി എന്നാണ് അനുമാനിക്കുന്നത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വാധീനം കടന്നുവരുന്ന കാഴ്ചയുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കോൺഗ്രസ് ഗൗരവമായി ചില കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ തെറ്റോ ശരിയോ എന്ന് കാലം തെളിയക്കട്ടെ. സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. തീരുമാനം എടുത്താൽ അതിൽ ഉറച്ച് നിൽക്കുക. ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള താമസമാണ്. മറുഭാഗത്ത് കാര്യങ്ങൾ ചിട്ടയായി പോകുമ്പോൾ ജനങ്ങൾക്ക് അവമതിപ്പുണ്ടാകും. ഒരു അച്ചടക്കം വേണം. അതാണ് പുതിയ തലമുറ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
മതത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപിയുടെ കടന്നുവരവോട് കൂടി കേരളത്തിലെ രാഷ്ട്രീയഘടന മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. വർഗീയ ധ്രുവീകരണം ഓരോ വിഭാഗത്തിലും എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.