കൊല്ലം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽ മുറിയുടെ വാടക അടച്ചില്ല. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ ഫെബ്രുവരി 24ന് താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപയാണ് നൽകാനുള്ളത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്ക്കെടുത്ത ബോട്ടിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ കടലിൽ ചാടിയത് വലിയ വാർത്തയായിരുന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്നം നേരിട്ടറിയാനാണ് കടലിൽ ചാടിയതെന്നായിരുന്നു കോൺഗ്രസ് പ്രചാരണം.
കഴിഞ്ഞ ദിവസം ഇതേ ഹോട്ടലിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ചില കോൺഗ്രസ് നേതാക്കൾ വിവരം അറിഞ്ഞതോടെയാണ് നേതൃത്വം വെട്ടിലായത്. ഹോട്ടൽവാടക നൽകാത്തത് ജില്ലാ കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തെങ്കിലും പരിഹാരമായില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ടി എൻ പ്രതാപൻ എംപി എന്നിവരുടെ നേതൃത്വത്തിലാണ് അതീവ രഹസ്യമായി രാഹുൽഗാന്ധിയുടെ ‘കടൽചാട്ടം’ ആസൂത്രണം ചെയ്തത്. ഫിഷർമെൻ കോൺഗ്രസ് പ്രസിഡന്റായ ടി എൻ പ്രതാപൻ ഇതിനായി ദിവസങ്ങൾക്കു മുമ്പേ ഇതേ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരുന്നു. കടൽചാട്ട നാടകത്തിനു ശേഷം ബീച്ചിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തു. സംഗമത്തിനായി ലക്ഷങ്ങൾ പിരിച്ചതും ചർച്ചയായിട്ടുണ്ട്.
പരിപാടിയുടെ പേരിൽ കൊല്ലത്തെ ബോട്ടുടമകളിൽനിന്നും വ്യവസായികളിൽനിന്നും വൻതോതിൽ പണം പിരിച്ചു. പണപ്പിരിവിനെക്കുറിച്ച് കോൺഗ്രസ് മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി. ലക്ഷങ്ങൾ പിരിച്ചിട്ടും മത്സ്യത്തൊഴിലാളി സംഗമത്തിനായി നിർമിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നൽകിയില്ലെന്ന് പോസ്റ്റിൽ പറയുന്നു.