പാകിസ്താനിലെ ഒരു പട്ടണത്തിൽ നിന്നുള്ള സിസിടിവി ദൃശ്യമാണ്. കടയിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവ് കടക്കാരനോട് തൻ മോഷ്ടിക്കാൻ വന്നതാണ് എന്ന് പറയുന്നു. അക്രമിയുടെ കീശയിൽ എന്തെങ്കിലും ആയുധമുണ്ട് എന്ന് വേണം അനുമാനിക്കാൻ. കടയിൽ പ്രദർശിപ്പിച്ചിരുന്ന ചില വസ്തുക്കൾ എടുത്ത അക്രമി തന്റെ കൂട്ടാളിക്ക് നൽകുകയും അത് കാറിൽ കൊണ്ടുപോയി വയ്ക്കാന് ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. ഇതേ സമയം പണപ്പെട്ടി തുറന്നു അക്രമിയ്ക്ക് പണം നൽകാൻ തയ്യാറെടുക്കുകയാണ് കടയുടമ.
പണം ഒരു ബാഗിലാക്കി അക്രമിയ്ക്ക് കൊടുക്കുന്നതിനിടെ സൗമ്യനായ കടയുടമ കുറച്ച് ചില്ലറ തുട്ടുകൾ ഇവിടെ വച്ചോട്ടെ എന്ന് ചോദിക്കുന്നത് കേൾക്കാം. ഇതുകേട്ട് അല്പം ‘നിഷ്കു’ ആയ കള്ളൻ “ശരി പത്തോ ഇരുപതോ രൂപ അവിടെ തന്നെ വച്ചോ” എന്ന് മറുപടി പറയുന്നു. പണപ്പെട്ടി നീക്കുമ്പോൾ അതിനിടെ വലിയ നോട്ടുകൾ എവിടെ എന്ന് കള്ളൻ ചോദിക്കുന്നതും അതിന് മറുപടിയായി ഇന്ന് കച്ചവടം ഒന്നും നടന്നിട്ടില്ല എന്ന് കടയുടമ പറയുന്നതും കാണാം.
കയ്യിലുള്ള പണം മുഴുവൻ അക്രമിയ്ക്ക് നൽകിയതിന് ശേഷം ‘ദയവ് ചെയ്തത് ഇനിയും ഇങ്ങോട്ട് വരല്ലേ’ എന്ന് കടയുടമ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതിന് ‘ഇൻഷാ അള്ളാ, ഇനി ഇങ്ങോട്ട് വരില്ല’ എന്ന മോഷ്ടാവിന്റെ മറുപടി കൂടെ വരുന്നതോടെ ‘മാന്യമായ മോഷണത്തിന്’ തിരശീല വീഴുന്നു.