ലണ്ടൻ > പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിൽ അനധികൃതമായി ജൂതരെ കുടിയിരുത്തുന്ന ഇസ്രയേൽ നടപടി ‘യഥാർഥ പിടിച്ചെടുക്ക’ലെന്ന് ഐറിഷ് പാർലമെന്റ്. ബുധനാഴ്ച പാസാക്കിയ പ്രമേയത്തിലാണ് രൂക്ഷ വിമർശം. ആദ്യമായാണ് യൂറോപ്യൻ യൂണിയനിലെ ഒരു അംഗരാജ്യം ഇത്ര നിശിതമായി ഇസ്രയേൽ അധിനിവേശത്തെ വിമർശിക്കുന്നത്.
അധിനിവേശത്തിലുള്ള പലസ്തീൻ പ്രദേശത്തുനിന്ന് ഇസ്രയേൽ പലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെ അയർലൻഡ് വിമർശിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതയെ തകിടം മറിക്കുന്നതാണ് ഇസ്രയേൽ നടപടിയെന്ന് അയർലൻഡ് വിദേശമന്ത്രി സൈമൺ കോവെനീ പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണം യുദ്ധക്കുറ്റമായി പരിഗണിച്ചേക്കുമെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷ മിഷേൽ ബാഷ്ലെ വ്യക്തമാക്കി. ഇസ്രയേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ കൗൺസിൽ പ്രമേയം പാസാക്കി. കൗൺസിലിലെ 24 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഒൻപത് രാജ്യങ്ങൾ എതിർത്തു. 14 രാജ്യങ്ങൾ വിട്ടുനിന്നു. ഹമാസും അന്താരാഷ്ട്ര നിയമം ലംഘിച്ചതായി കൗൺസിൽ കുറ്റപ്പെടുത്തി.