നിലവിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കൊവിഡ് 19 വാക്സിനാണ് കേന്ദ്രസര്‍ക്കാര്‍ നൽകുന്നത്. ശേഷിക്കുന്നവര്‍ക്കുള്ള വാക്സിൻ സംസ്ഥാന സര്‍ക്കാരുകളാണ് വിതരണം ചെയ്യുന്നത്. എന്നാൽ കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിന് വാക്സിൻ കിട്ടാത്തതു മൂലം 45 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ മന്ദഗതിയിലാണ് മുന്നേറുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്.
സംസ്ഥാനത്ത് 45 വയസ്സിനു മുകളിൽ പ്രായമുള്ള 1.13 ആളുകള്‍ക്ക് കൊവിഡ് 19 വാക്സിൻ നല്‍കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ ഇതിൽ 49 ശതമാനം ആളുകള്‍ക്ക് മാത്രമേ ഒരു ഡോസെങ്കിലും വാക്സിൻ എത്തിക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ സംസ്ഥാനത്തിന് 85 ലക്ഷം ഡോസ് വാക്സിൻ നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ 5 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തുമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള പകുതിയോളം ആളുകള്‍ക്ക് ഒരു ഡോസ് പോലും വാക്സിൻ നല്‍കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കായി ഒരു കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും വാക്സിൻ ക്ഷാമം മൂലം ഇതുവരെ 8.4 ലക്ഷം ഡോസ് മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. സംസ്ഥാനത്ത് 2.5 ലക്ഷം ഡോസ് വാക്സിൻ വരെ ഒരു ദിവസം നല്‍കാൻ സാധിക്കുമെന്നും എന്നാൽ ഈ ശേഷി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ഇടപെട്ട് വാക്സിൻ്റെ തുടര്‍ച്ചയായ വിതരണം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, 18 – 44 പ്രായവിഭാഗക്കാര്‍ക്കായി വാക്സിൻ വാങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെൻഡര്‍ വിളിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ക്ഷാമം മൂലം പല സംസ്ഥാനങ്ങളുടെയും ടെൻഡറിൽ പങ്കെടുക്കാൻ വിദേശ കമ്പനികള്‍ രംഗത്തെത്തിയിട്ടില്ല.
ഇതിനിടയിൽ രാജ്യത്ത് 2021 ഡിസംബറിനുള്ളിൽ കൊവിഡ് 19 വാക്സിനേഷൻ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രഖ്യാപിച്ചു. ഇതിനുള്ളിൽ 216 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.