തൃശൂര് > ചെസ് കളിക്കാം. ഒപ്പം കോവിഡ് പ്രതിരോധത്തിലും വാക്സിന് ചാലഞ്ചിലും കണ്ണിയാവാം. ചെസ് കളിക്കാരുടെ സംഘടനയായ ചെസ് കേരളയാണ് കോവിഡ് വാക്സിന് ചാലഞ്ച് ചെസ് മത്സരങ്ങളൊരുക്കുന്നത്. മെയ് 30 മുതല് ജൂലായ് 25 വരെ എല്ലാ ഞായറാഴ്ചകളിലും ഓണ്ലൈനായാണ് ചെസ് മത്സരങ്ങള്. 30ന് വൈകീട്ട് ഏഴിന് കായിക മന്ത്രി വി അബ്ദുറഹ്മാന് ഓണ്ലൈനായി കോവിഡ് വാക്സിന് ചാലഞ്ച് ഗ്രാന്ഡ്പ്രീ 2021 മത്സര പരമ്പര ഉദ്ഘാടനം ചെയ്യും.
ചെസ്സ് കേരള പ്രസിഡന്റ് പ്രൊഫ. എന് ആര് അനില്കുമാര് അധ്യക്ഷനാവും. കേരളത്തിന്റെ ലീ ചെസ് അന്തര്ദേശീയ പ്ലാറ്റ്ഫോമിലുള്ള മത്സരങ്ങളിലേക്ക് ലോകത്തെവിടെയുള്ള കളിക്കാര്ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. എന്നാല് കോവിഡ് വാക്സിന്റെ സംഖ്യയായ 300 രൂപയോ അതിന്റ ഗുണിതങ്ങളോ സംഭാവന ചെയ്യാം. ഈ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി രശീതി നല്കും. ഇതിനകം ഒന്നരലക്ഷം രൂപയോളം സംഭാവന ലഭിച്ചു.
മത്സര വിജയികള്ക്ക് 30,000 രൂപയുടെ കാഷ് അവാര്ഡുകള് സമ്മാനിക്കും. ഈ തുക സംഘാടകരായ ചെസ്കളിക്കാര് വഹിക്കും.മത്സരാര്ഥികളുടെ മൊബൈല്ഫോണിലോ, കംപ്യുട്ടറിലോ രാത്രി എട്ടോടെ ചെസ്ബോര്ഡ് തെളിയും.
എതിരാളിയേയും അറിയാം. തുടര്ന്ന് കരുനീക്കം ആരംഭിക്കും. പത്തരയോടെ മത്സരം തീരും. പോയിന്റ് കണക്കാക്കി ചാമ്പ്യനെ തെരഞ്ഞെടുക്കും. ഏഴ് കളിയിലെ ചാമ്പ്യന്മാര് നേരിട്ട് ഫൈനലില് കയറും. ഈ മത്സരങ്ങളിലെ പോയിന്റ് നില കണക്കാക്കി 50 പേരാണ് ഫൈനലില് മത്സരിക്കുക. വിശദാംശങ്ങള് www.chesskerala.org എന്ന വെബ് സൈറ്റില് ലഭ്യം. ഹെല്പ്പ് ഡെസ്ക്ക് നമ്പറുകള്: 9567439820, 9497380458, 9605231010?
ചെസ്സ് കേരള ചെസ്സ് മത്സരങ്ങളിലൂടെ പ്രളയകാലത്ത് 138500 രൂപയും കൊറോണയുടെ ആദ്യ വരവില് 455000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയിരുന്നു.