ന്യൂഡൽഹി
സാമൂഹ്യമാധ്യമങ്ങൾക്ക് പിന്നാലെ വാർത്താസൈറ്റുകള്ക്കും ഓണ്ലൈന് ചലച്ചിത്രപ്രദര്ശന സൈറ്റുകള്ക്കും (ഒടിടി) കൂച്ചുവിലങ്ങിടാന് കേന്ദ്രസർക്കാർ. പുതിയ ഐടി നിയമ പ്രകാരം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച മാര്‍ഗരേഖയും ഡിജിറ്റല് മാധ്യമധാര്മികത കോഡും പാലിക്കാൻ സ്വീകരിച്ച നടപടി 15 ദിവസത്തിനകം ബോധിപ്പിക്കാന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഡിജിറ്റല് മാധ്യങ്ങള്ക്ക് നോട്ടീസ് നല്കി.
പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ എഡിഷനുകളും നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി സ്ഥാപനങ്ങളും വാർത്താപോർട്ടലുകളും മറുപടി നൽകണം. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്ക് ഐടി മന്ത്രാലയം കഴിഞ്ഞദിവസം സമാന നോട്ടീസ് നൽകിയിരുന്നു് മൂന്ന് അപേക്ഷാഫോറവും വാർത്താവിതരണ മന്ത്രാലം നല്കിയിട്ടുണ്ട്. പത്ര, ദൃശ്യ മാധ്യമങ്ങൾ ഓൺലൈൻ പതിപ്പുകളുടെ അടിസ്ഥാനവിവരങ്ങളും ന്യൂസ് എഡിറ്റർമാരുടെ വിവരവും കൈമാറണം. പരാതി സ്വീകരിക്കാനും നിയമിച്ച ഉദ്യോഗസ്ഥരുടെ വിവരവും നല്കണം.
ഓൺലൈൻ മാധ്യമങ്ങള് കമ്പനി തിരിച്ചറിയല് നമ്പർ, ഡയറക്ടർബോർഡ് അംഗങ്ങളുടെ വിവരം, രൂപീകരിച്ച വർഷം, തീയതി തുടങ്ങിയവ കൈമാറണം. ഒടിടി സൈറ്റുകള് ഇതിനോടൊപ്പം ഏത് രാജ്യത്താണോ രജിസ്ട്രേഷൻ എന്നും അറിയിക്കണം.