ന്യൂഡൽഹി
ഇന്ത്യയിലെ ഔദ്യോഗിക കോവിഡ് കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും 42 ലക്ഷം പേർ മരിച്ചിട്ടുണ്ടാകാമെന്നും ന്യൂയോർക്ക് ടൈംസ്. ഐസിഎംആർ നടത്തിയ മൂന്ന് സെറോ സർവേഫലം അപഗ്രഥനം ചെയ്താണ് റിപ്പോർട്ട്. 2020 മെയ്–- ജൂണിലെ ആദ്യ സെറോ സർവേയിൽ രോഗവ്യാപനം യഥാർഥ കണക്കിന്റെ 28.5 ഇരട്ടിയെന്നും ആഗസ്ത്–- സെപ്തംബറിലെ സർവേയിൽ 13.5 ഇരട്ടിയെന്നും കണ്ടെത്തി. 2020 ഡിസംബർ–- 2021 ജനുവരിയിലെ സർവേയിൽ രോഗവ്യാപനം 26 ഇരട്ടിയെന്ന് കണ്ടെത്തി. ഇവ പഠിച്ച് മൂന്ന് നിഗമനത്തിലാണ് ന്യൂയോർക്ക് ടൈംസ് എത്തുന്നത്.
●രോഗബാധിതരുടെ 0.15 ശതമാനമാണ് മരണമെന്ന് കണക്കാക്കിയാൽ മൂന്ന് സെറോ സർവേ പ്രകാരം രോഗസംഖ്യ 15 മടങ്ങ് അധികവും മരണം ഇരട്ടിയും. അതായത് രോഗികള്‍ 40.42 കോടി, മരണം ആറുലക്ഷം.
● ജനുവരിയിലെ സെറോ സർവേ പ്രകാരം രോഗസംഖ്യ 20 മടങ്ങ് അധികമാണ്–- 53.9 കോടി. മരണനിരക്ക് 0.3 ശതമാനം മാത്രമായി കണക്കാക്കിയാൽത്തന്നെ അഞ്ച് ഇരട്ടി അധികം–- 16 ലക്ഷം.
●രണ്ടാം വ്യാപനത്തിന്റെ തീവ്രതയും ഓക്സിജൻക്ഷാമം, മരുന്നുകളുടെ അഭാവം, കിടക്കകളുടെ കുറവ് തുടങ്ങിയ വീഴ്ചകളും കണക്കിലെടുത്താണ് മൂന്നാം നിഗമനം. ഇതുപ്രകാരം രോഗസംഖ്യ 26 ഇരട്ടി അധികം–- 70.07 കോടി. മരണനിരക്ക് 0.6 ശതമാനമെന്ന് കണക്കാക്കിയാൽ ആകെ മരണം 14 ഇരട്ടി അധികമാണ്–- 42 ലക്ഷം.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേന്ദ്രം തള്ളി. തെളിവുകളുടെ പിൻബലമില്ലാത്തതും അടിസ്ഥാനരഹിതവുമാണ് റിപ്പോർട്ടിലെ നിഗമനങ്ങളെന്ന് കേന്ദ്രം പ്രതികരിച്ചു.