ന്യൂഡൽഹി
വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് ചോക്സി പിടിയിലായത്. ഇയാളെ തിരിച്ചയക്കാതെ ഇന്ത്യക്ക് കൈമാറണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ ഡൊമിനിക്കൻ അധികൃതരോട് ആവശ്യപ്പെട്ടു. ഇയാൾക്ക് ആന്റിഗ്വയിൽ പൗരത്വമുണ്ട്. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതൽ ചോക്സി താമസം. ഇക്കാരണത്താലാണ് ഇന്ത്യക്ക് നേരിട്ട് കൈമാറാൻ ഡൊമിനിക്കയോട് ബ്രൗൺ ആവശ്യപ്പെട്ടതെന്ന് അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ ഇരു രാജ്യങ്ങളുമായി കേന്ദ്രസർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ചോക്സിക്കായി ഇന്റർപോൾ മഞ്ഞ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ചയാണ് ചോക്സി ആന്റിഗ്വയിൽ നിന്ന് മുങ്ങിയത്. ഇത് ആന്റിഗ്വ പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തിനും കാരണമായി. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് അനന്തരവൻ നീരവ് മോഡിക്കൊപ്പം 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്. നിലവിൽ ലണ്ടൻ ജയിലിലുള്ള നീരവ് മോഡി ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ കോടതിവ്യവഹാരം തുടരുകയാണ്. ഇരുവർക്കുമെതിരെ സിബിഐ കേസുണ്ട്.