കോഴിക്കോട് > കോവിഡ് രോഗതീവ്രത കുറയ്ക്കുന്നതില് വാക്സിനുകള് ഫലപ്രദമെന്ന് വിദഗ്ധ പഠനം. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച കേരളത്തിലെ ആരോഗ്യ പ്രവര്ത്തകരില് നടത്തിയ ജനിതക ഘടനാ പഠനത്തിലാണ് വൈറസിന്റെ യുകെ വകഭേദത്തെ വാക്സിന് പ്രതിരോധിക്കുന്നതായി കണ്ടെത്തിയത്. ദേശീയ ആരോഗ്യ മിഷന് കേരളയുടെ സഹായത്തില് കൗണ്സില് ഓഫ് സയന്റിഫിക് ആന്ഡ് ഇന്ഡസ്ട്രിയല് റിസര്ച്ചിന്റെ (സിഎസ്ഐആര്) ജീനോമിക് സര്വൈലന്സിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്.
കോവിഷീല്ഡ് വാക്സിന് രണ്ട് ഡോസ് എടുത്തിട്ടും കോവിഡ് ബാധിതരായ ആറ് ആരോഗ്യ പ്രവര്ത്തകരിലെ വൈറസിന്റെ ജനിതക ഘടനാ പഠനത്തിലൂടെയാണ് വാക്സിന് ഫലപ്രദമെന്ന വിവരം നല്കുന്നത്. കൂടുതലായി കണ്ടിരുന്ന വൈറസിന്റെ യുകെ വകഭേദം അപൂര്വമായി മാത്രമാണ് വാക്സിനെ പ്രതിരോധിക്കുന്നതെന്ന് സിഐഎസ്ആര് ശാസ്ത്രജ്ഞന് ഡോ. വിനോദ് സ്കറിയ പറഞ്ഞു.
ചിലരില് രോഗലക്ഷണങ്ങളുണ്ടാകുന്നുവെങ്കിലും ഗുരുതരമാവുന്നില്ല. 25 വയസ്സായ രണ്ട് സ്ത്രീകള്, 50 ഉം 32 ഉം വയസ്സായ പുരുഷന്മാര്, 53 ഉം 33 ഉം വയസ്സായ രണ്ട് സ്ത്രീകള് എന്നിവരുടെ സാമ്പിളാണ് പഠനവിധേയമാക്കിയത്. നാലെണ്ണവും എന് 501 വൈ വിഭാഗത്തിലുള്ള വകഭേദമായിരുന്നു. രണ്ടെണ്ണം ഇ 484 കെ, എസ് 477 എന് എന്നിവയും. കേരളത്തില്നിന്ന് നേരത്തെ ശേഖരിച്ച സാമ്പിളുകളിലെ 2630 ജീന് ഘടനാ പട്ടികയും പഠനത്തിന്റെ ഭാഗമായി. ആറുപേരിലും പനിയും തലവേദനയും ഉള്പ്പെടെയുള്ള ലക്ഷണങ്ങള് വന്നെങ്കിലും ആശുപത്രിയില് പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായില്ല. പരിശോധനയില് ഇവരില് വൈറസിനെതിരായ ആന്റിബോഡിയും കണ്ടെത്തി. നാല് മുതല് ആറ് ആഴ്ച വരെയുള്ള ഇടവേളകളിലാണ് ഇവര് രണ്ടാം ഡോസ് എടുത്തത്. രണ്ടാം ഡോസെടുത്ത് 15 ദിവസത്തിനുശേഷമാണ് രോഗലക്ഷണങ്ങള് കണ്ടത്. ജനിതക പരിണാമ പഠനങ്ങള് തുടരേണ്ടത് വകഭേദങ്ങളെ പിന്തുടരാന് അനിവാര്യമാണെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്, എറണാകുളം, ഇടുക്കി മെഡിക്കല് കോളേജുകളുടെ സഹകരണത്തോടെയാണ് പഠനം. അന്താരാഷ്ട്ര ജേണലായ ജേണല് ഓഫ് ഇന്ഫെക്ഷനില് കഴിഞ്ഞ ദിവസം ഇത് പ്രസിദ്ധീകരിച്ചു.