തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ കോവിഡ് വാക്സിനേഷനെതിരേയുള്ള വ്യാജ പ്രചാരണങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുപ്രചരണങ്ങൾക്ക് വിധേയരായി വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അതു കൂടുതൽ ദുഷ്കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ നീതീകരിക്കാനാവാത്ത കുറ്റമാണ് ചെയ്യുന്നത്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമങ്ങൾക്കനുസൃതമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വാക്സിനേഷനാണ് മഹാമാരിയെ മറികടക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്സിൻ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്സിനേഷൻ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതിനാൽ കുപ്രചരണങ്ങൾക്ക് വിധേയരായി വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ഡോക്ടർമാരുടെ പരിശോധന സ്വീകരിക്കാൻ സഹായിക്കുന്ന ഇ സഞ്ജീവനി പദ്ധതി വഴി ഇതുവരെ കേരളത്തിൽ നടന്നത് 1,52,931 പരിശോധനകളാണ്. ഏകദേശം 16,026 മണിക്കൂറുകൾ ഇത്രയും പരിശോധനകൾക്കായി ചെലവഴിക്കപ്പെട്ടു. ബുധനാഴ്ച മാത്രം ഇതുവരെ നടന്നത് 888 പരിശോധനകളാണ്. 1863 ഡോക്ടർമാരാണ് സംസ്ഥാനത്ത് ഇ സഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. content highlights:CM Pinarayi Vijayan warns fake news against covid vaccination