പരിഷ്‌കാരങ്ങളിലൂടെ ദ്വീപിലെ ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാര മേഖലയ്‌ക്ക് മാത്രമായിരിക്കും മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻ ഉണ്ടായിരിക്കുകയെന്നും വാർത്താ സമ്മേളനത്തിൽ കളക്‌ടർ വ്യക്തമാക്കി.
കൊച്ചിയിൽ എത്തിയ ലക്ഷദ്വീപ് കളക്‌ടർക്കെതിരെ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ, സിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ലക്ഷദ്വീപ് വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ സംഘപരിവാർ സംഘടനകളിൽ നിന്ന് സൈബർ അധിക്ഷേപം നേരിടുന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന് പിന്തുണ നൽകുമെന്നും ഫേസ്‌ബുക്ക് പേജിലൂടെ ഡിവൈഎഫ്ഐ വ്യക്തമാക്കി.
ദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് കേരളാ നിയമസഭയിൽ പ്രമേയം പാസാക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കർ പരിശോധിച്ചു തുടങ്ങി.ബിജെപി ഒഴികെയുള്ള മറ്റ് പ്രധാന പാർട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. സഭയിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിനാൽ സംയുക്തമായിട്ടായിരിക്കും പ്രമേയം പാസാക്കുക.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം സഭ ചേരുന്നുണ്ട്. അതിനു തൊട്ടടുത്ത ദിവസം പ്രമേയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച നടക്കും. ഇതിനു പിന്നാലെ ലക്ഷദ്വീപിനെ പിന്തുണച്ച് പ്രമേയം പാസാക്കാനാണ് പദ്ധതി. ഇതിനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്‌തു.