ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് തൃശൂരിൽ മുറിയെടുത്ത് നൽകിയതെന്നും ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചെന്നും റിപ്പോർട്ടർ ലൈവും റിപ്പോർട്ട് ചെയ്തു. തൃശൂര്‍ എം ജി റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമിലാണ് മുറി എടുത്തത്. ഏപ്രിൽ രണ്ടിനായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് ഏുപ്രിൽ രണ്ടിന് വൈകീട്ടോടെ രണ്ട് റൂം ബുക്ക് ചെയ്യുന്നത്. അന്ന് അർധ രാത്രിയോടെയാണ് ധര്‍മരാജന്‍, ഷംജീര്‍, റഷീദ് എന്നിവര്‍ രണ്ട് വാഹനങ്ങളിലായി ഇവിടെ എത്തുന്നത്. പിറ്റേന്ന് പുലർച്ചെയാണ് ഇവർ ഇവിടെ നിന്ന് പോകുന്നത്. ഇതിന് പിന്നാലെയാണ് കൊടകരയിൽ നിന്ന് പണവും കാറും തട്ടിയെടുക്കുന്നത്.
പണം കൊണ്ടുവന്ന സംഘം ഹോട്ടലിൽ താമസിച്ചതിന്‍റെ രേഖകൾ അന്വേഷണ സംഘം ഇവിടെ എത്തി ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഇവർ പരിശോധിച്ചു. നേരത്തെ കവർച്ചയ്ക്ക് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജിന്‍റെ ഡ്രൈവർ ഷംജീറാണ് പോലീസിൽ പരാതി നൽകിയിരുന്നത്. വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഈ പരാതി. എന്നാൽ പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ അന്വേഷണസംഘം ഇത് കള്ളപ്പണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ധർമരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.