ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ മലയാളി നടത്തക്കാരനാണ് കെ ടി ഇർഫാൻ. 2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോ മീറ്റർ നടത്തത്തിൽ പത്താം സ്ഥാനത്ത് എത്തിയ ഇർഫാൻ കോവിഡ് കാല അനുഭവങ്ങൾ പങ്കുവയ്ക്കുന്നു….
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായി) ബംഗളൂരുവിലെ ക്യാമ്പിലാണ് ഞാനുള്ളത്. കുറേ കാലമായി ഇവിടെ തന്നെയാണ്. ടോക്യോ ഒളിമ്പിക്സിനുള്ള ഒരുക്കത്തിലാണ്. ഇനി ഒളിമ്പിക്സ് കഴിഞ്ഞേ നാട്ടിലെത്താൻ സാധ്യതയുള്ളു. എത്രയും വേഗം ഒളിമ്പിക്സ് നടന്നാൽ മതിയെന്നാണ് ആഗ്രഹം. ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പാണ്. മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച പ്രകടനം നടത്തിയാൽ മെഡൽ സാധ്യതയുണ്ട്. 2020 മാർച്ചിൽ തന്നെ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ഒളിമ്പിക്സിന് ഒരുങ്ങി കൊണ്ടിരിക്കെയാണ് അന്ന് ആദ്യ ലോക്ഡൗൺ വരുന്നത്. അന്ന് പരിശീലനം വരെ മുടങ്ങി. മുറിക്കുള്ളിൽ ചെറിയ വ്യായാമങ്ങൾ മാത്രമാണ് അന്ന് ചെയ്തത്.
ആദ്യ ലോക്ഡൗൺ കാലത്ത് ഒരു സന്തോഷമുണ്ടായിരുന്നത് ഭാര്യ സഹ് ലയും മക്കളായ ഹമദ് സയറും (നാല് വയസ്) ഹമദ് ഇലാനും(രണ്ടര വയസ്) ഒപ്പമുണ്ടായിരുന്നതാണ്. അവർ ബംഗളൂരുവിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ അവരും വേഗം ഇവിടവുമായി ഇണങ്ങി. ഞാൻ വ്യായാമം ചെയ്യുമ്പോൾ മക്കളും അതുപോലെയെല്ലാം കാണിക്കാൻ ശ്രമം തുടങ്ങി. നല്ല രസമായിരുന്നു ആ കാഴ്ചകൾ.
പിന്നെ മുറിയിൽ പാചക പരീക്ഷണങ്ങൾ. 2020ലെ ചെറിയ പെരുന്നാളിന് ഞങ്ങൾ ഉണ്ടാക്കിയ ചിക്കൻ ബിരിയാണി കഴിക്കാൻ ക്യാമ്പിലുള്ളവർക്ക് ‘ഭാഗ്യമുണ്ടായി’. ഡിസംബറിലാണ് സഹ് ലയും മക്കളും നാട്ടിലേക്ക് മടങ്ങിയത്. അവരെ വണ്ടി കയറ്റി വിടുകയായിരുന്നു. ഞാൻ പരിശീലനവുമായി ക്യാമ്പിൽ തന്നെ നിന്നു. പുതിയ വർഷത്തിൽ കാര്യങ്ങളെല്ലാം നല്ല രീതിയിൽ പോയികൊണ്ടിരിക്കെയാണ് കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണുമെല്ലാം വരുന്നത്. ക്യാമ്പിൽ ഇടക്കിടെ പരിശോധനയുണ്ടായിരുന്നു. പലർക്കും കോവിഡ് പിടിപെട്ടു. ഒരു മാസം മുമ്പ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ പോസിറ്റീവായി. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ നെഗറ്റീവാണ്. വാക്സിൻ എടുത്തത് കൊണ്ടാണോയെന്നറിയില്ല കാര്യമായ ക്ഷീണമൊന്നുമില്ല. ക്വാറന്റീനിലായതിനാൽ ഇത്തവണ പെരുന്നാൾ ആഘോഷമുണ്ടായില്ല.
ക്യാമ്പിലുണ്ടായിരുന്ന പലരും വീട്ടിലേക്ക് മടങ്ങി. വളരെ കുറച്ചുപേർ മാത്രമാണ് ഇവിടെയുള്ളത്. ക്വാറന്റീൻ കാലവധി കഴിഞ്ഞ് വീണ്ടും പരിശീലനം തുടങ്ങി. സ്റ്റേഡിയത്തിന് പുറത്തേക്ക് പോകാൻ കഴിയില്ല. താമസവും ഭക്ഷണവുമെല്ലാം ഇതിൻ്റെ ഉള്ളിൽ തന്നെ ആയതിനാൽ മറ്റ് പ്രയാസ സങ്ങളില്ല. ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനം നടക്കുന്നുണ്ട്. മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
( തയ്യാറാക്കിയത് ജിജോ ജോർജ്)