ബ്യൂണസ് ഐറിസ്
കോപ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അമേരിക്ക വേദിയായേക്കും. വേദിയായി നിശ്ചയിച്ചിരുന്ന അർജന്റീനയിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കോവിഡ് കാരണം കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ് മാറ്റിവയ്ക്കുകയായിരുന്നു. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് കോപ. അർജന്റീനയ്ക്കൊപ്പം കൊളംബിയയും വേദിയായിരുന്നു. എന്നാൽ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം കൊളംബിയയെ ഒഴിവാക്കി.അർജന്റീനയിൽ മാത്രം നടത്താനുള്ള നീക്കത്തിനും തിരിച്ചടി കിട്ടിയതോടെ അമേരിക്കയെ പരിഗണിക്കുകയായിരുന്നു.
2016ൽ അമേരിക്കയിൽ കോപ നടന്നിട്ടുണ്ട്. അർജന്റീനയെ തോൽപ്പിച്ച് അന്ന് ചിലി ചാമ്പ്യൻമാരായി. ചിലി, ഇക്വഡോർ, വെനസ്വേല രാജ്യങ്ങൾ കോപയ്ക്ക് വേദിയാകാൻ സന്നദ്ധത അറിയിച്ചിരുന്നു.