സൂറിച്ച്
യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ക്ലബ്ബുകൾക്കെതിരെ യുവേഫ അച്ചടക്ക നടപടികൾ തുടങ്ങി.ക്ലബ്ബുകളെ ചാമ്പ്യൻസ് ലീഗിൽനിന്ന് വിലക്കാൻ സാധ്യതയുണ്ട്. സൂപ്പർ ലീഗുമായി മുന്നോട്ടുപോകുമെന്ന് റയൽ പ്രസിഡന്റ് ഫ്ളോറെന്റീനോ പെരെസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തങ്ങളുടെ നിയമപരമായ ചട്ടക്കൂട്ടിനെ ലംഘിക്കുന്നതാണെന്ന് യുവേഫ പ്രതികരിച്ചു.
‘യുവേഫ അച്ചടക്ക സമിതിയും എത്തിക്സ് വിഭാഗവും നടത്തിയ അന്വേഷണത്തിൽ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് റയൽ, ബാഴ്സ, യുവന്റസ് ക്ലബുകൾക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ തീരൂമാനമായി. യുവേഫ നിയമ സംവിധാനത്തെ ലംഘിച്ചുകൊണ്ടാണ് ക്ലബുകൾ മുന്നോട്ടുപോയത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും‐ യുവേഫ പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രിൽ 18നാണ് യൂറോപ്യൻ സൂപ്പർ ലീഗ് അവതരിപ്പിക്കപ്പെട്ടത്. ആകെ 12 ക്ലബ്ബുകളായിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ കാരണം ഒമ്പത് ക്ലബ്ബുകൾ ഉടൻ പിന്മാറി. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, അഴ്സണൽ, ടോട്ടനം ഹോട്സ്പർ, ഇന്റർ മിലാൻ, എ സി മിലാൻ ക്ലബ്ബുകളാണ് പിന്മാറിയത്. ഈ ടീമുകൾ കരാർ ഒപ്പിട്ടതിനാൽ സൂപ്പർ ലീഗിൽനിന്ന് പിന്മാറാനാകില്ലെന്നായിരുന്നു പെരെസിന്റെ വാദം. പക്ഷേ, ക്ലബ്ബുകളുടെ പിന്മാറ്റത്തോടെ ലീഗ് അപ്രസക്തമാകുകയും ചെയ്തു. ഇതിനിടെ യുവേഫ പ്രസിഡന്റ് അലെക്സാണ്ടർ കഫെറിൻ ക്ലബ്ബുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സൂപ്പർ ലീഗുമായി ക്ലബ്ബുകൾ മുന്നോട്ടുപോവുകയാണെങ്കിൽ അവർ ചാമ്പ്യൻസ് ലീഗ് കളിക്കില്ലെന്ന് കഫെറിൻ വ്യക്തമാക്കി
നിലവിൽ മൂന്ന് ക്ലബ്ബുകളും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. വിലക്ക് കിട്ടിയാൽ സ്പാനിഷ്, ഇറ്റാലിയൻ ലീഗുകളിൽ ഈ ക്ലബ്ബുകളുടെ സ്ഥാനത്തേക്ക് മറ്റ് ക്ലബ്ബുകൾ ഇടംപിടിക്കും. മിക്കവാറും കായിക തർക്ക പരിഹാര കോടതിയിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീർപ്പുണ്ടാകുക.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് ആഗസ്ത് 26നാണ് നടക്കുക. മത്സരങ്ങൾ സെപ്തംബർ 14ന് ആരംഭിക്കുകയും ചെയ്യും. മറ്റ് ഒമ്പത് ടീമുകൾക്കെതിരെ യുവേഫ നടപടിയെടുത്തിരുന്നു. യൂറോപ്യൻ മത്സരങ്ങളുടെ മത്സരത്തുകയുടെ അഞ്ച് ശതമാനമുൾപ്പെടെ ഏകദേശം 135 കോടി രൂപ ഫുട്ബോൾ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണമെന്നാണ് യുവേഫ വിധിച്ചത്.