മിനിയപൊളിസ്
അമേരിക്കയിൽ പൊലീസിന്റെ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട കറുത്തവംശജൻ ജോർജ് ഫ്ളോയിഡിന്റെ ഓർമ പുതുക്കി ലോകം. ഫ്ളോയിഡിനെ മൃഗീയമായി കൊലപ്പെടുത്തിയ മിനിയപൊളിസിൽ ഒന്നാം വാർഷികദിനത്തിൽ ആളുകൾ മുട്ടുകുത്തി. പൊലീസ് ഓഫീസർ ഡെറെക് ഷോവിൻ 9 മിനിറ്റും 29 സെക്കൻഡും കഴുത്തിൽ കാൽമുട്ട് അമർത്തിയതിനെത്തുടർന്നു ശ്വാസം മുട്ടിയാണു ഫ്ലോയ്ഡ് മരിച്ചത്. അതിനെ അനുസ്മരിച്ച് മിനിറ്റുകളോളം അവർ മുട്ടുകുത്തി.
ഫ്ളോയിഡിന്റെ സഹോദരി ബ്രിജറ്റും കുടുംബാംഗങ്ങളും മിനിയപൊളിസിലെ പാർക്കിൽ “ജീവിതത്തിന്റെ ആഘോഷം’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കുറച്ചുനിമിഷങ്ങൾ മൗനം ആചരിച്ചു. സംഗീതവും ഭക്ഷണവും വിളമ്പി. കുടുംബം, വൈറ്റ്ഹൗസിലെത്തി പ്രസിഡന്റ് ജോ ബൈഡനുമായും വൈസ്പ്രസിഡന്റ് കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വർഷം മെയ് 25നാണു ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. അമേരിക്കയിൽ മാസങ്ങൾ നീണ്ട വംശീയവിരുദ്ധ പ്രക്ഷോഭത്തിനു കാരണമായി. ഘാതകനായ പൊലീസ് ഓഫീസർ ഡെറെക് ഷോവിന് കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം ജൂറി കണ്ടെത്തിയിരുന്നു.അതേസമയം മിനിയപൊളിസിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടിടത്ത് വെടിവയ്പുണ്ടായി. ആളുകൾ ഒത്തുകൂടാനിരിക്കെയാണ് ‘ജോർജ് ഫ്ലോയ്ഡ് സ്ക്വയറി’ൽ വെടിവയ്പുണ്ടായത്. ഒരാൾക്കു പരുക്കേറ്റു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോർജ് ഫ്ളോയിഡിന്റെ ഓർമപുതുക്കി. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലും ജർമനി, ഗ്രീസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു.