അഹമ്മദാബാദ്
മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ചികിത്സയ്ക്കുള്ള ആംഫോട്ടെറിസിൻ-ബി മരുന്നു വിതരണത്തിനുള്ള ഗുജറാത്ത് സർക്കാരിന്റെ വിജ്ഞാപനം അവ്യക്തവും വികലവുമാണെന്ന് ഹൈക്കോടതി. എല്ലാ ജില്ലയിലും വിദഗ്ധ സമിതികൾ വേണമെന്നും മരുന്നു വിതരണത്തിൽ സർക്കാർ കൃത്യത വരുത്തണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, ഭാർഗവ് ഡി കരിയ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.. വിദഗ്ധ സമിതിയുടെ ഘടന, ഗുരുതര രോഗിയാണോ എന്ന് തീരുമാനിക്കുന്നത് എങ്ങനെ തുടങ്ങിയവയിൽ കൂടുതൽ വിശദീകരണം വേണം. സ്വകാര്യ ആശുപത്രികളിലേക്കുള്ള വിതരണം വ്യക്തമാക്കി 19ന് ഇറക്കിയ വിജ്ഞാപനത്തിൽ ഏഴ് ജില്ലയിൽ മാത്രമാണ് സർക്കാർ, കോർപറേഷൻ ആശുപത്രികളിൽ മരുന്ന് വിതരണം. മറ്റ് ജില്ലകളുടെ കാര്യം അവ്യക്തമാണ്. കേന്ദ്രസർക്കാർ ലഭ്യമാക്കുന്ന മരുന്ന് സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും പങ്കുവച്ചത് എങ്ങനെയെന്നും കോടതി ആശ്ചര്യപ്പെട്ടു.
ഇതിനിടെ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 29,250 കുപ്പി അധിക ആംഫോട്ടെറിസിൻ-ബി ലഭ്യമാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദഗൗഡ പറഞ്ഞു.