ന്യൂഡൽഹി
പുതിയ ഐടി നിയമത്തിലെ വ്യവസ്ഥകൾ ചോദ്യംചെയ്ത് വാട്സാപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സംവിധാനമുണ്ടാക്കണമെന്ന നിര്ദേശം സ്വകാര്യതാലംഘനമാണെന്ന് വാട്സാപ് ചൂണ്ടിക്കാട്ടി. സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താൻ തുടങ്ങിയാൽ കോടിക്കണക്കിന് സന്ദേശം സൂക്ഷിക്കേണ്ടി വരും. അന്വേഷണഏജൻസികൾക്ക് ഇവ കൈമാറേണ്ടി വരും. സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന്റെ പേരിൽ നിരപരാധികള് കുടുങ്ങും.
അതേസമയം, പുതിയ ഐടി നിയമം പാലിക്കാൻ സന്നദ്ധമെന്ന് ഫെയ്സ്ബുക്കും ഗൂഗിളും മറ്റും വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ നിയമം പരമാവധി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും യുട്യൂബ് അടക്കം വ്യവസ്ഥകൾ പാലിക്കുമെന്നും ഗൂഗിൾ വക്താവ് അറിയിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ ഐടി നിയമത്തിലെ വ്യവസ്ഥ നടപ്പാക്കാൻ കേന്ദ്രം വാട്സാപ്പും ഫെയ്സ്ബുക്കുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്ക്ക് നല്കിയ മൂന്നുമാസത്തെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. ഫെബ്രുവരിയിലാണ് പുതിയ നിയമം പുറപ്പെടുവിച്ചത്.