തിരുവനന്തപുരം: ഫയലുകൾ നീക്കുന്നതിലും ഫയലുകളിൽ തീരുമാനം എടുക്കുന്നതിനും കാലതാമസം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തിൽ ആലോചന നടത്തണമെന്ന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പു സെക്രട്ടറിമാരുടെ യോഗം ഓൺലൈനിൽ ചേർന്നത് സംബന്ധിച്ച വിവരങ്ങൾ പത്രസമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ നയങ്ങൾ നടപ്പാക്കുന്ന ഏറ്റവും സീനിയർ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാർ. ഫയലുകളുടെ കാര്യത്തിൽ കൃത്യമായ നിയന്ത്രണചുമതല അവർക്കാണ്. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയിൽ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയൽ നീക്കം, ഫയൽ തീരുമാനം എന്നീ കാര്യങ്ങളിൽ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തിൽ ആലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
തീരുമാനങ്ങൾ സത്യസന്ധമായി കൈക്കൊള്ളുമ്പോൾ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
ഫയൽ തീർപ്പാക്കൽ പരിപാടി കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ നടപ്പാക്കിയതാണ്. ഇത് സാധാരണ ഭരണക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കണം. സങ്കടഹർജികൾ, പരാതികൾ എന്നിവ വ്യക്തിഗത പ്രശ്നങ്ങൾ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകൾ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാർ വിശകലനം ചെയ്യാൻ മുൻകൈയെടുക്കേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ട്.
വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലുണ്ടായ പ്രധാന തീരുമാനങ്ങൾ-
ഭരണപരിഷ്കരണവും നവീകരണവും തുടർപ്രക്രിയയായി നടക്കണം. ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശകൾ ഗൗരവമായി കണ്ട് നടപടികൾ വകുപ്പ് തലത്തിൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും. ഇത് ചീഫ് സെക്രട്ടറിതലത്തിൽ അവലോകനം ചെയ്യും.
ഫയലുകളിലെ വിവരങ്ങൾ തൽപരകക്ഷികൾക്ക് ചോർത്തിക്കൊടുക്കുന്നത് അനുവദിക്കാൻ പാടില്ല. വിവരാവകാശ നിയമത്തിന്റെ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങൾ ലഭ്യമാക്കാവൂ.
പിഎസ്സി റാങ്ക്ലിസ്റ്റുകളിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്താൻ കഴിയുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ ഹയർ കേഡർ ഒഴിവുകൾ ഡി-കേഡർ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി 10ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും.
റിട്ടയർമെന്റ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്സിക്ക് വിടാത്ത നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ സ്പെഷ്യൽ റൂളുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിലുള്ള പുരോഗതി സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയെ അറിയിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിൽ കാലതാമസം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടാകരുത് എന്ന് നിർദേശം നൽകി.
പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയും പുരോഗതി എല്ലാ വർഷവും ജനങ്ങൾക്കു മുന്നിൽ വയ്ക്കുകയും ചെയ്യുന്ന രീതി ഈ സർക്കാരും തുടരും. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികളിൽ നടപ്പാക്കാൻ ബാക്കിയുള്ളവയ്ക്കും മുൻഗണന നൽകണം.
കൊച്ചി-ബാംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം-മംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കണം.
പൂർത്തിയാക്കാനുള്ള പുതിയ പദ്ധതികൾ നല്ല പ്രാധാന്യത്തോടെ അതത് വകുപ്പുകൾ ഏറ്റെടുത്ത് വേഗതയോടെ ഇത് നടപ്പാക്കണം.
കടലാക്രമണം തടയാൻ ലോകത്ത് ഏതെല്ലാം അറിവുകൾ ശേഖരിച്ച് പ്രാവർത്തികമാക്കാൻ പറ്റും എന്ന സാധ്യതകൾ ആരായണം.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകേണ്ട സാമ്പത്തിക സഹായം കൃത്യമായി നേടിയെടുക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. അതിന് പ്രത്യേക സംവിധാനം വേണമെങ്കിൽ ആലോചിക്കാനും തീരുമാനിച്ചു.
Content Highlights:Action to avoid delay in moving files and decision making – CM