ന്യൂഡൽഹി > രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ് 130 ദിവസത്തിനിടെ 20 കോടി കടന്നു. ഇതിൽ 15.71 കോടി ഒന്നാം ഡോസും 4.35 കോടി രണ്ടാം ഡോസും. രാജ്യത്ത് രണ്ടു ഡോസ് കിട്ടിയവർ 3.11 ശതമാനംമാത്രം. ഒരു ഡോസ് കിട്ടിയവരാകട്ടെ 11.12 ശതമാനവും. ഇസ്രയേലിൽ 63 ശതമാനവും മംഗോളിയയിൽ 56.16 ശതമാനവും കാനഡയിൽ 52.84 ശതമാനവും ഹംഗറിയിൽ 52.17 ശതമാനവും യുഎസിൽ 50 ശതമാനവും പേർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്.
കടുത്ത വാക്സിൻ ക്ഷാമം കാരണം കുത്തിവയ്പ് മന്ദഗതിയിലാണ്. ഏപ്രിലിന്റെ തുടക്കത്തിൽ 2.47 കോടിവരെയായി ഉയർന്ന പ്രതിവാര കുത്തിവയ്പ്. മെയ് 21ന് അവസാനിച്ച ആഴ്ചയിൽ 92.10 ലക്ഷമായി. 75 ശതമാനമാണ് ഇടിവ്. ബുധനാഴ്ച 17.89 ലക്ഷം കുത്തിവയ്പ്. 23.43 കോടി പേരാണ് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്.
രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവരില് 42 ശതമാനം പേർ ഒരു ഡോസ് എടുത്തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസ്സ് കഴിഞ്ഞവരില് 34 ശതമാനവും. 18നും 45നും ഇടയിലുള്ളവരില്1.29 കോടി പേരാണ് ഒരു ഡോസ് എടുത്തത്.