കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ റീജിയണൽ ഓഫിസിൽ എത്തിച്ച മരുന്ന് ആശുപത്രികളിലേക്ക് വിതരണം ചെയ്യും. ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് കെഎംഎസ്‍സിഎൽ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുക. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉൾപ്പെടെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം അനുവദിച്ച മരുന്ന് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിടുന്നുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്ത് വന്നത്. കടുത്ത പാർശ്വഫലങ്ങൾക്ക് കാരണമായേക്കാവുന്ന മരുന്ന് വിദഗ്ധരായ ഡോക്ടർമാർക്ക് മാത്രമേ നിർദ്ദേശിക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഇതുവരെ 35 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള 29,520 കുപ്പി മരുന്ന് വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്തതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും മധ്യപ്രദേശിൽ 752 പേർക്കും കർണാടകയിൽ 481 പേർക്കും ഹരിയാനയിൽ 436 പേർക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 25 രാവിലെ 9.36 വരെയുള്ള കണക്ക് അനുസരിച്ചാണിത്.