തിരുവനന്തപുരം: സംഘടനാ തലത്തിൽ വലിയ പിഴവുകളാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ കമ്മിറ്റി ഓൺലൈൻ ആയി നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. സർക്കാരിന്റെ ഓരോ തെറ്റുകളും കൃത്യമായി ചൂണ്ടിക്കാണിക്കാനായി. അത് തിരുത്താൻ സർക്കാർ നിർബന്ധിതമായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനംതാഴേത്തട്ടിലേക്ക് എത്തിയില്ല. പല ബൂത്തുകളും നിർജീവമായാണ് പ്രവർത്തിച്ചത്. ഇതെല്ലാം ഭരണകക്ഷിക്ക് അനകൂലമായി മാറി.
സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങൾക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിട്ടും അത് താഴേത്തട്ടിൽ എത്തിക്കുന്നതിൽ ബൂത്ത് കമ്മിറ്റികൾ ഒരുതരത്തിലുള്ള പ്രവർത്തനവും നടത്തിയില്ല. വീടുകളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ സ്ലിപ്പുകൾ പോലും എത്തിക്കാനുള്ള ശ്രമം ബൂത്ത് കമ്മിറ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
കോവിഡിന്റെയും പ്രളയത്തിന്റെയും സാഹചര്യത്തിൽ സർക്കാർ മുന്നിൽ ഉണ്ടായിരുന്നു എന്ന പ്രതീതി ഉണ്ടാക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞു. പെൻഷനും കിറ്റും എല്ലാം അവരെ അധികാരത്തിലെത്താൻ സഹായിച്ചു. എന്നാൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം നടത്താൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
കമ്മിറ്റിയുടെ തെളിവെടുപ്പിൽ മറ്റു നേതാക്കളും തങ്ങളുടെ ഭാഗം വ്യക്തമാക്കും. തുടർന്നായിരിക്കും സംഘടനാ തലത്തിൽ ഏതു തരത്തിലുള്ള അഴിച്ചുപണികളാണ് നടത്തേണ്ടത് എന്ന കാര്യത്തിൽ കമ്മിറ്റി തീരുമാനം എടുക്കുക. കെപിസിസിയിലും ഡിസിസിയിലും വലിയ അഴിച്ചുപണി ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ കെപിസിസി അധ്യക്ഷനെ വരുംദിവസങ്ങളിൽ തീരുമാനിക്കുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights:Ramesh Chennithala, Ashok Chavan Committee, Congress