കൂട്ടിലങ്ങാടിയിൽ എല്ലാ രേഖകളും സഹിതം ഇറച്ചി വാങ്ങാൻ പോയി മടങ്ങുകയായിരുന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. പരിശോധന കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോൾ പോലീസുകാരൻ ലാത്തി ഉപയോഗിച്ച് അകാരണമായി മര്‍ദ്ദിച്ചെന്നാണ് അസ്ലമിന്റെ പരാതി.
“ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്ന് അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു.” അസ്ലം പറയുന്നു. അസ്ലമിന്റെ കുറിപ്പ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥയായ ഭാര്യയെ ഓഫീസിൽ കൊണ്ടുവിടാനിറങ്ങിയ ഭർത്താവിനെ പോലീസ് മർദ്ദിച്ചിരുന്നു. പരപ്പനങ്ങാടി സിഐ ഹണി ദാസാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വാണിയമ്പലത്ത് മീൻ വാങ്ങാനിറങ്ങിയ യുവാവിനെ മൽപ്പിടുത്തത്തിലൂടെ പിടികൂടിയിരുന്നു. മീൻ വാങ്ങാനിറങ്ങിയ തന്നെ പോലീസ് ബലം പ്രയോഗിച്ച് പിടികൂടിയെന്നാണ് യുവാവിന്റെ പരാതി.
“കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാൻ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകാൻ എനിക്ക് രണ്ടു വഴിയുണ്ട്. എളുപ്പ വഴിയിൽ പോലീസ് വാഹനം നിർത്തിയിട്ടുണ്ട്. ഞാൻ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു. എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യിൽ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്നു അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു.”
“വീട്ടിലേക്ക് പാൽ വാങ്ങാൻ കുറച്ചപ്പുറത്ത് ബൈക്കിൽ പോകുമ്പോൾ പോലും ‘പാൽ വാങ്ങാൻ ഇന്ന നമ്പർ വാഹനത്തിൽ.’ എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം. പോലീസിനെ സംബന്ധിച്ച് മാരക മർദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളിൽ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാൽ ലാത്തിയമർന്ന് രാവിലെ തണർത്ത ഭാഗം ഇപ്പോൾ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാൾ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അടയാളങ്ങൾ മാറുമായിരിക്കും.” അസ്ലം പറയുന്നു.