തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സമ്പൂർണ്ണ സംഘടനാ ഉടച്ചുവാർക്കലിന് കോൺഗ്രസിൽ സാധ്യത തെളിയുന്നു. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി.കെ.ശ്രീകണ്ഠൻ എംപി രാജിവെച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെന്നും മുഴുവൻ സമയം എംപിയായി പ്രവർത്തിക്കുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.
ഇതോടെ കോൺഗ്രസിന് വിവിധ ജില്ലകളിൽ അധ്യക്ഷൻമാരില്ലാത്ത സ്ഥിതിയായി. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം എം.ലിജു രാജിവെച്ചിരുന്നു. വി.വി.പ്രകാശിന്റെ നിര്യാണത്തോടെ മലപ്പുറത്തും പാർട്ടിക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് എംഎഎൽഎ ടി.ജെ.വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലാണ് ഉള്ളത്.
അഞ്ചു ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പ് കാലത്ത് തൽസ്ഥാനത്ത് നിന്ന് നിന്ന് നീക്കിയിരുന്നെങ്കിലും പിന്നീട് അവരെ തന്നെ പുനഃപ്രതിഷ്ഠിച്ചു.ആര്യാടൻ ഷൗക്കത്തിനായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് മലപ്പുറത്തിന്റെ ചുമതല നൽകിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവി പ്രകാശിനെ തന്നെ ഡിസിസി പ്രസിഡന്റായി കെപിസിസി നിയമനം നൽകിയതോടെ ആര്യാടൻ ഷൗക്കത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു വി.വി.പ്രകാശിന്റെ വിയോഗം.
വയനാട് അടക്കമുള്ള ഡിസിസികൾക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ ഉയർത്തിയ ആരോപണങ്ങളും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഇത്തരത്തിൽ ഭൂരിപക്ഷം ജില്ലകളിലും കോൺഗ്രസിൽ പുനഃസംഘടന നടത്താനുള്ള സാധ്യതയാണ് ഉള്ളത്.
ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്നും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ആദ്യപടിയായി പ്രതിപക്ഷ നേതാവിനെ മാറ്റുകയുണ്ടായി. തിരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് ശേഷവും കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടുകളും നേതൃത്വത്തിന്റെ പരിഗണനയിലാണ്.
കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും. ഇതിന് ശേഷം ഡിസിസി തലത്തിലും മറ്റു കമ്മിറ്റികളിലും പൊളിച്ചെഴുത്ത് നടക്കുമെന്നാണ് അറിയുന്നത്.
എംപിയായ ശേഷം പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി തന്നോട് തുടരാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഇന്ന് രാജിവെച്ച വി.കെ.ശ്രീകണ്ഠൻ പറഞ്ഞത്.