ഗ്രാമത്തിലെ മുൻ നിവാസിയും ചരിത്രകാരനുമായ ജോൺ ഡുലിൻ പറയുന്നതനുസരിച്ച്, 1910ൽ പട്ടണത്തിലെ ഒരു കൂട്ടം ആൺകുട്ടികൾ നായാട്ടിനായി രാത്രി പുറപ്പെട്ടു. ഏറെ നേരം പരിശ്രമിച്ചു എങ്കിലും യുവാക്കൾക്ക് ഒന്നും ലഭിച്ചില്ല. വിശന്നു വലഞ്ഞതോടെ രാത്രി ഗ്രാമത്തിലേക്ക് തിരികെയെത്തിയ യുവാക്കൾ ന്യൂ ഹോപ്പ് പള്ളിയുടെ പുറകിലുള്ള ഒരു പാസ്റ്ററുടെ വീട്ടിൽ വളർത്തുന്ന കോഴികളെ മോഷ്ടിച്ചു.
ആൺകുട്ടികൾ കോഴികളെ പാചകം ചെയ്തു കഴിച്ചു. മോഷണത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ കോഴിയുടെ തൂവലുകൾ ഗ്രാമാതിർത്തിയിലുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. യഥാർത്ഥത്തിൽ ഗ്രാമത്തിലേക്കുള്ള ഏക ജലസ്രോതസ്സായിരുന്നു ഈ കിണർ. അടുത്ത ദിവസം വെള്ളം കുടിക്കാനെത്തിയ കുട്ടികൾ കിണറിൽ നിന്നും കൊരിയെടുത്ത വെള്ളത്തിൽ കോഴിയുടെ തൂവൽ കണ്ട് ഞെട്ടി.
കിണർ വൃത്തിയാക്കാനും വെള്ളം ശുദ്ധീകരിക്കാനും ദിവസങ്ങൾ പിടിച്ചതോടെ ജനങ്ങൾ പലരും ഗ്രാമത്തിൽ നിന്നും മാറി താമസിക്കാൻ തുടങ്ങി. ഇതോടെ ന്യൂ ഹോപ്പ് എന്ന് പേരുള്ള നാട് ചിക്കൻ ഫെതർ എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചു. യുവാക്കൾ പാസ്റ്ററുടെ കോഴികൾ മോഷ്ടിക്കുക വഴി ചെയ്ത പാപം മൂലമാണ് ജലദൗർലഭ്യം ഉണ്ടായത് എന്നും അന്നാട്ടുകാർ വിശ്വസിച്ചു.
പിന്നീടുള്ള വർഷങ്ങളിൽ ഗ്രാമത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടർന്ന്. 1980ൽ ഗ്രാമത്തിൽ ഖനനം ആരംഭിച്ചതോടെ ഭൂരിഭാഗം പേരും ഗ്രാമം വിട്ടു. ഇന്ന് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുള്ള വയലുകളും ശ്മശാനവും മാത്രമേ കാണാൻ കഴിയൂ. എങ്കിലും പണ്ട് ഈ ഗ്രാമത്തിൽ താമസിച്ചിരുന്നവർ ഓർമ്മകൾ പുതുക്കാൻ വർഷത്തിൽ ഒരു ദിവസം ഗ്രാമത്തിൽ ഒത്തുകൂടാറുണ്ട്.