സമകാലിക കേരളത്തിലെ ധൈഷണിക മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫസർ എം. കുഞ്ഞാമൻ. സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമെന്ന നിലയിൽ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന മൗലികമായ നിരീക്ഷണങ്ങൾ കേരളത്തിന്റെ ജനാധിപത്യപരിസരം വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെപശ്ചാത്തലത്തിൽ പ്രൊഫ. കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തിൽനിന്ന്:
കേരള ജനത ഈ നിയമസഭ തിരഞ്ഞെടുപ്പിൽ നടത്തിയ വിധിയെഴുത്തിനെയും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കിട്ടിയ തുടർഭരണത്തെയും താങ്കൾ എങ്ങിനെ കാണുന്നു?
ഇതിന് ആമുഖമായി ഒന്നു രണ്ട് കാര്യങ്ങൾ പറയേണ്ടതായുണ്ട്. ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ട സമയത്തല്ല തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് മഹാമാരി കാരണം ജനങ്ങൾ ഭീതിദരായിരുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്. വാസ്തവത്തിൽ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പിന് എപ്പോഴും ഒരു ജനകീയ സ്വഭാവമുണ്ട്. മഹാമാരിയെ ഒന്നിച്ചുനിന്ന് നേരിടേണ്ട ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. പാർട്ടി തിരിഞ്ഞ് മത്സരിക്കേണ്ട സമയമല്ല ഇത്. അങ്ങിനെ നോക്കുമ്പോൾ നോക്കുമ്പോൾ കേരളത്തിൽ നടന്നത് രാഷ്ട്രീയപരമായ സംഗതിയായിരുന്നു എന്ന് പറയാനാവില്ല. ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. രാഷ്ട്രീയവും തിരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. രാഷ്ട്രീയം എന്നു പറഞ്ഞാൽ വളരെ മൗലികമായ, ഘടനാപരമായ ചോദ്യങ്ങൾ ഉയർത്തപ്പെടേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾക്കാണ് പ്രാധാന്യം. രാഷ്ട്രീയപരമായ മൗലികമായ പ്രശ്നങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതിൽ സ്വാഗതാർഹമായ ഒരു കാര്യം വികസന സംബന്ധിയായ സമീപനം ഒരു കോണിൽനിന്നുണ്ടായി എന്നതാണ്.
താങ്കൾ പറഞ്ഞുവരുന്നത് ഈ തിരഞ്ഞെടുപ്പിലെ നിർണ്ണായക ഘടകം മഹാമാരി തന്നെയായിരുന്നു എന്നാണോ?
അതെ. കേരളത്തിൽ സംഭവിച്ചതെന്താണ്? പിണറായി വിജയൻ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ മഹാമാരിയെ നേരിടുന്നതിലാണ്. ഭരണകൂടവും ത്രിതല പഞ്ചായത്ത് സംവിധാനവും ഇതിനായി കൃത്യമായി വിനിയോഗിക്കാൻ അദ്ദേഹത്തിനായി.
ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം അത് ചെയ്യേണ്ടതുമാണല്ലോ?
ചെയ്യേണ്ടതാണ്. അദ്ദേഹം അത് ചെയ്യുകയും ചെയ്തു. അത് വിജയിച്ചതിന് പിന്നിൽ രണ്ട് മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന് കേരളത്തിൽ ആരോഗ്യമേഖലയിൽ മികച്ച അടിസ്ഥാന സൗകര്യമുണ്ട്. രണ്ടാമത്തേത് വളരെ നന്നായി പ്രവർത്തിക്കുന്ന പൊതുവിതരണ സംവിധാനമാണ്. ഭക്ഷ്യ, ധാന്യങ്ങളടങ്ങിയ കിറ്റുകൾ അടിത്തട്ടിൽ കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്ന റേഷൻ കടകൾ ഉൾപ്പെടെയുള്ള വിതരണ ശൃംഖല കൂടിയാണത്. അതോടൊപ്പം തന്നെ സുസംഘടിതമായ ത്രിതല പഞ്ചായത്തുകൾ. ഈ മൂന്ന് സംവിധാനവും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ മഹാമാരിയെ നേരിട്ടത്. യു.പിയിലോ ബിഹാറിലോ ഇങ്ങനെയുള്ള സംവിധാനങ്ങൾ നമുക്ക് കാണാൻ കഴിയില്ല. അതേസമയം ബംഗാളിലുണ്ട്.
അധികാര വികേന്ദ്രീകരണം ഒരു പരിധി വരെയെങ്കിലും നടന്നത് കേരളത്തിൽ ഈ ഘട്ടത്തിൽ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ സഹായകരമായി എന്നാണോ?
എന്ന് ഞാൻ പറയില്ല. അധികാര വികേന്ദ്രീകരണം ഉണ്ടായി എന്ന് പറയാനാവില്ല. അധികാരം എന്നതുകൊണ്ട് പവർ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ പവറിനൊരു പ്രത്യേകതയുണ്ട്. Power is always centralised. അതിപ്പോൾ ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും കുടുംബ തലത്തിലായിലും പവറിന് കേന്ദ്രീകൃത സ്വഭാവമുണ്ട്. പവറിനെ നിങ്ങൾക്ക് വികേന്ദ്രീകരിക്കാനാവില്ല. എന്താണ് പവർ? Power is always used by the strong against the weak. It is used by the strong, rich and powerful against the poor. അധികാരഘടനയ്ക്ക് ഇവിടെ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അധികാരം താഴെ തട്ടിലേക്ക് വിഭജിക്കപ്പെടുകയോ വികേന്ദ്രീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ചില ഉത്തരവാദിത്വങ്ങൾ, ചില പ്രവർത്തനങ്ങൾ, ചില വിഭവങ്ങൾ എന്നിവ കൈമാറുകയാണ് ചെയ്തത്.
അതായത് അധികാര വികേന്ദ്രീകരണമല്ല, ചില ഉത്തരവാദിത്വങ്ങളുടെ പുനർ വിന്യാസമാണ് നടന്നത് ?
അതെ! ത്രിതല പഞ്ചായത്തുകളുടെ രൂപവത്കരണത്തിൽ അതാണുണ്ടായത്. പഞ്ചായതീരാജ് സംവിധാനം പ്രവർത്തനസജ്ജമായതോടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു തീരുമാനമെടുത്താൽ അത് അര മണിക്കൂറിനുള്ളിൽ താഴെ തട്ടിലേക്കെത്തിക്കാനാവും. ഒരു മുഖ്യമന്ത്രിക്കും തന്റെ തീരുമാനം വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നു.
കത്തോലിക്ക സഭയിൽ മാർപ്പാപ്പയ്ക്ക് തന്റെ തീരുമാനങ്ങൾ ലോകത്ത് ഏതറ്റത്തുമുള്ള ചെറിയൊരു ഇടവകയിലേക്ക് പോലും എത്തിക്കാൻ കഴിയുന്നതുപോലെ?
അധികാരത്തിന് കൂടുതൽ വേഗമാർജ്ജിക്കുന്നു. അധികാര കേന്ദ്രീകരണത്തെ കൂടുതലായി ബലപ്പെടുത്തുകയാണ് ഈ സംവിധാനങ്ങൾ ചെയ്യുന്നത്.
പോപ്പിന്റെ അധികാരം കുറയുന്നില്ല, അതേ സമയം അതിന്റെ വ്യാപനം എളുപ്പത്തിലാവുന്നു എന്നാണോ?
അത് തന്നെയാണ് നടന്നത്. ശരിയായ അധികാരം കിടക്കുന്നത് സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും മതങ്ങളിലും മാദ്ധ്യമ മേഖലയിലും ബ്യൂറോക്രസിയിലുമാണ്. ഈ അഞ്ച് മേഖലകളിലാണ് അധികാരം കുടികൊള്ളുന്നത്. ഈ അഞ്ച് മേഖലകളിലെ ഹയരാർക്കി ഇല്ലാതാക്കാൻ വികേന്ദ്രീകരണം എന്ന ആശയത്തിന് കഴിഞ്ഞിട്ടില്ല. അവർ ഇപ്പോൾ കൂടുതൽ ശക്തരാണ്.
പക്ഷേ, അധികാര വികേന്ദ്രീകരണമുണ്ടായിട്ടുണ്ട് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളുടെ പ്രസരണത്തിലൂടെ ജനങ്ങൾക്ക് ശാക്തീകരണമുണ്ടായിട്ടുണ്ട് എന്ന വ്യാജ നിർമ്മിതിപോലെയാണത്. കെ.കെ. ശൈലജയെ പുതിയ സർക്കാരിൽനിന്ന് ഒഴിവാക്കിയപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ കോലാഹലമുണ്ടായി. പക്ഷേ, സി.പി.എമ്മിലെ അധികാര കേന്ദ്രങ്ങൾ ഈ പ്രതിഷേധത്തിന് പുല്ലുവില പോലും കൊടുത്തില്ല?
അതിനെ അങ്ങിനെയാണോ കാണേണ്ടത് എന്നത് വിവാദപരമാണ്.
സാമൂഹിക മാദ്ധ്യമങ്ങൾ ജനാധിപത്യവത്കരണം വളരെയധികം മുന്നോട്ടു കൊണ്ടുപോയി എന്ന് പറയുമ്പോൾ ശരിക്കും അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യാൻ കഴിയുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്?
അതിന് കഴിയുന്നില്ല എന്ന് വ്യക്തമാണ്. ഒരു മന്ത്രിയെ നിലനിർത്തണമെന്ന് പൊതുജനാഭിപ്രായമുണ്ടായിട്ടും അത് നടന്നില്ലെന്ന് പറയുമ്പോൾ നമ്മൾ ഓർക്കേണ്ട കാര്യം പലരുടെ കാര്യത്തിലും അതുണ്ടായിരുന്നു എന്നതാണ്. മുൻ ധനമന്ത്രി തോമസ് ഐസക്കിന് അനുകൂലമായി വലിയ അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഒരു നയം നടപ്പാക്കുമ്പോൾ ഇത് സംഭവിക്കും. വൃദ്ധാധിപത്യത്തെയാണ് നമ്മൾ ജനാധിപത്യം എന്ന് വിളിച്ചുകൊണ്ടിരുന്നത്. എല്ലാ രംഗങ്ങളിലും വൃദ്ധർ ആധിപത്യം പ്രകടിപ്പിക്കുന്ന അവസ്ഥയിൽ നിന്ന് ഒരു മാറ്റം വരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലല്ല പലപ്പോഴും ഇതുണ്ടാവുന്നത്.
എല്ലാ രംഗങ്ങളിലും ജനാധിപത്യപരമായി കാര്യങ്ങൾ നടപ്പാക്കാനാവില്ല. ഒരു ആസ്പത്രിയിൽ ഒരു രോഗിക്ക് ശസ്ത്രക്രിയ വേണമോയെന്നത് ജനാധിപത്യപരമായി തീരുമാനിക്കാനാവില്ല. അതൊരു വിദഗ്ധനായ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊരു പ്രൊഫഷനൽ തീരുമാനമാണ്. യുദ്ധം നടക്കുമ്പോൾ സൈന്യത്തിന്റെ ജനാധിപത്യവത്കരണം എന്ന ചർച്ചയിലൂടെയല്ല തീരുമാനങ്ങൾ എടുക്കുക. അവിടെയും പ്രൊഫഷനലായ തീരുമാനമാണുണ്ടാവുക. അടിയന്തരാവസ്ഥക്കാലത്ത് ഇരുപതിന പരിപാടിയുടെ ഭാഗമായാണ് ആദിവാസി ഭൂനിയമം കേരളത്തിൽ കൊണ്ടുവന്നത്. സാധാരണഗതിയിൽ അങ്ങിനെയൊരു ബില്ല് വരുമായിരുന്നില്ല. അടിയന്തരാവസ്ഥയായിരുന്നതിനാലും ഇന്ദിര ഗാന്ധിയെ പേടി ഉണ്ടായിരുന്നതിനാലുമാണ് അത് നടന്നത്. ഒരു പാർട്ടി പോലും അതിനെ എതിർത്തില്ല. പിന്നീട് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആ നിയമം നടപ്പാക്കിയില്ല. സമ്പന്നരുടെ സമ്പത്ത് എടുത്ത് പുനർവിതരണം നടത്തണമെന്ന് ഒരു നിയമം കൊണ്ടുവന്നാൽ പാർലമെന്റിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാൻ കഴിയുമോ? അത് അന്നു തന്നെ പൊളിച്ചു കൈയ്യിൽ കൊടുക്കും.
ഭരണത്തുടർച്ച എന്നു പറഞ്ഞാൽ രാഷ്ട്രീയത്തുടർച്ച അല്ല. ഇപ്പോൾ ജോസ് കെ. മാണി ഇടതു മുന്നണിയിലേക്ക് വന്നതെടുക്കാം. അയാൾ നേരത്തെ ഇടതു ഭരണത്തിന്റെ ഭാഗമായിരുന്നില്ല. ഇതൊരു മുന്നണി സംവിധാനം മാത്രമാണ്. ഇടതു മുന്നണി നോക്കുന്നത് വലതു മുന്നണിയിൽനിന്നും ആരൊക്കെ വരും എന്നാണ്. വലതു മുന്നണി നോക്കുന്നത് ഇടതു മുന്നണിയിൽനിന്നും ആരൊക്കെ വരുമെന്നാണ്. വലത്തോട്ട് നോക്കുന്ന ഇടതു മുന്നണിയും ഇടത്തോട്ട് നോക്കുന്ന വലതു മുന്നണിയും ഈ രണ്ട് ദിശകളിലേക്കും നോക്കുന്ന ബി.ജെ.പിയുമാണ് കേരളത്തിലുള്ളത്. എൻ.ഡി.എയുടെ പരിപാടി എന്താണ്? ഇടത്-വലത് മുന്നണികളിൽനിന്ന് ആരെയൊക്കെ കൂട്ടാനാവും എന്നതാണ് അവരുടെ പരിപാടി.
മഹാമാരിയുടെ കാലത്തല്ല ഈ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ കേരള ജനതയുടെ വിധിയെഴുത്ത് ഇങ്ങനെയാകുമായിരുന്നില്ല എന്നാണോ താങ്കൾ കരുതുന്നത്?
ചിലപ്പോൾ വ്യത്യസ്തമാകുമായിരുന്നു. യു.ഡി.എഫ്. പരാജയപ്പെട്ടത് രമേശ് ചെന്നിത്തലയുടെ കുഴപ്പം കൊണ്ടല്ല. ആര് പ്രതിപക്ഷ നേതാവായിരുന്നാലും ഇത് സംഭവിക്കുമായിരുന്നു. അതായിരുന്നു അവസ്ഥ. ശക്തനായ ഒരു ഭരണാധികാരിയെയായിരുന്നു അവിടെ ആവശ്യം. വാഗ്ദാനങ്ങൾ നൽകുന്ന ഒരു രാഷ്ട്രീയ നേതാവിനെയല്ല ഈ സന്ദർഭത്തിൽ ആവശ്യമുണ്ടായിരുന്നത്. ഭരണനൈപുണ്യം, കാര്യക്ഷമത എന്നിവയ്ക്കായിരുന്നു പ്രാധാന്യം. ജനങ്ങൾക്കതാണ് വേണ്ടിയിരുന്നത്. സാമൂഹ്യശാസ്ത്രജ്ഞർ വിശകലനം ചെയ്യുന്നതിനനുസരിച്ചല്ല ജനങ്ങൾ വോട്ടുചെയ്യുന്നത്.
ബംഗാളിലും സമാനമായ വിധിയെഴുത്താണ് നടന്നതെന്ന് പറയാമോ? അവിടെയും ശക്തയായൊരു നേതാവ് പ്രാദേശിക തലത്തിലുണ്ടായിരുന്നു. അവർക്കാണ് ജനം വോട്ടു ചെയ്തത്?
മമത ബാനർജിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഒരു പുരുഷന്റെ തണലിൽ അല്ലാതെ ഉയർന്നു വന്ന ഏക വനിത നേതാവാണ് മമത. ഇന്ദിരയായാലും മായാവതിയായാലും ജയലളിതയായാലും പുരുഷന്മാർ കൈപിടിച്ച് വളർത്തിക്കൊണ്ടു വന്നവരാണ്. പക്ഷേ, മമത സ്വയം വളർന്നു വന്ന നേതാവാണ്. ചരിത്രത്തിൽ അവർ വെറും അടിക്കുറിപ്പല്ല. അവർ ഒരു അദ്ധ്യായം തന്നെയാണ്.
തമിഴകത്ത് പക്ഷേ, ഭരണകൂടത്തെ തിരസ്കരിക്കുകയാണ് ജനങ്ങൾ ചെയ്തത് ?
ഏതു ഭരണകൂടത്തെ? ബി.ജെ.പി. പിന്താങ്ങിയ ഒരു ഭരണകൂടത്തെ. ബി.ജെ.പി. അശക്തമാവുന്നുവെന്നല്ല ഇതിന്റെ അർത്ഥം. ബംഗാളിൽ അവർ ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ.എഡി.എം.കെയ്ക്കും ഡി.എ.ംകെയ്ക്കും കിട്ടിയ വോട്ട്ശതമാനത്തിൽ വലിയ വിടവില്ല. എ.ഐ.എ.ഡി.എം.കെ. അവരുടെ വോട്ട് ബാങ്ക് മിക്കവാറും നിലനിർത്തിയിട്ടുണ്ട്. ഇതൊരു വലിയ കാര്യമാണെന്നല്ല. മോദി ആദ്യം അധികാരമേറ്റപ്പോൾ 2014-ൽ എൻ.ഡി.എയ്ക്ക് 31 ശതമാനം വോട്ടാണ് കിട്ടിയത്. അവർ വിചാരിച്ചത് എല്ലാ ഹിന്ദുക്കളും അവർക്ക് വോട്ടു ചെയ്യുമെന്നാണ്. 80 ശതമാനം ഹിന്ദുക്കളുള്ള രാജ്യത്ത് ബി.ജെ.പി. മുന്നണിക്ക് കിട്ടിയത് 31 ശതമാനമാണ്. പക്ഷേ, ഈ വോട്ട് ഷെയർ അല്ല കാര്യം. 31 ശതമാനം മാത്രം വോട്ട് കിട്ടിയ ഒരു പാർട്ടി ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ദൗർബല്ല്യമാണ്. 50.5 ശതമാനം വോട്ട് കിട്ടിയ പാർട്ടി ഭരണത്തിലേറുകയും 49.5 ശതമാനം വോട്ട് കിട്ടിയ അധികാരത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്യുന്നുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനാപരമായ പ്രശ്നമാണ്.
പാർട്ടിയുടെ ഇംഗിതങ്ങളല്ല പലപ്പോഴും കേരളത്തിൽ നടപ്പാക്കിയത്. താഹയെയും അലനെയും യു.എ.പി.എ. ചുമത്തി ജയിലലടച്ചതിന് പാർട്ടി എതിരായിരുന്നു. ഇതേക്കുറിച്ച് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രിയോട് ചോദിക്കാനാണ്. അത് പാർട്ടിയുടെ നിസ്സഹായതയെയാണ് കാണിച്ചത്. ഇതു പോലെ തന്നെയാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴും യെച്ചൂരി മറുപടി പറഞ്ഞത്. പാർട്ടിയുടെ സംസ്ഥാന ഘടകം എടുത്ത തീരുമാനമാണതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം?
അതൊരു ന്യായീകരണം മാത്രമാണ്. ഇതൊരു പാർട്ടിയുടെ വിജയമല്ല. പാർട്ടിയുടെ വിജയമായിരുന്നെങ്കിൽ ബംഗാളിലും വിജയിക്കണമായിരുന്നു. അവിടെ ഒരു സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ല. കേരളത്തിലെ വിജയം പിണറായി വിജയൻ എന്ന വ്യക്തിയുടെ വിജയമാണ്. ഇവിടെ നടന്നത് ഒരു തിരഞ്ഞെടുപ്പ് പോലുമല്ല. ഒരു അഭിപ്രായ സർവ്വെയാണ് നടന്നത്. ഒരു വ്യക്തി തുടരണമോ എന്ന അഭിപ്രായ സർവ്വെ. ഒരു വ്യക്തിയുടെ ഇമേജാണ് മുന്നോട്ടു വെയ്ക്കപ്പെട്ടത്. പിണറായി വിജയൻ എന്ന വ്യക്തിയുടെ പടങ്ങളാണ് നിറഞ്ഞുനിന്നത്. ഓരോ മനസ്സിലേക്കും ഒരു വ്യക്തിയെ കൃത്യമായി പ്രതിഷ്ഠിക്കുന്ന പദ്ധതിയുടെ ആസൂത്രണവും ആവിഷ്കാരവുമായിരുന്നു. പാർട്ടി തുടരണമോ മുന്നണി തുടരണമോ എന്നായിരുന്നില്ല ചോദ്യം. വ്യക്തി തുടരണമോ എന്നായിരുന്നു.
ക്യാപ്റ്റൻ എന്ന ഇമേജിലേക്ക് പിണറായി വിജയനെ വാർത്തെടുക്കുന്ന പ്രക്രിയ?
അതിലവർ വിജയിച്ചു. അത് നല്ലതോ ചീത്തയോ എന്നത് വിധിയെഴുത്തിന്റെ പ്രശ്നമാണ്. പക്ഷേ, അത്തരമൊരു വിധിയെഴുത്ത് നേടിയെടുക്കുന്നതിൽ അവർ വിജയിച്ചു. ജനങ്ങൾ അതിനെ അംഗീകരിച്ചു. എപ്പോഴും ജനങ്ങളുടെ വലിയിരുത്തൽ ശരിയാവണമെന്നില്ല. ജനങ്ങൾ ദീർഘകാല ബുദ്ധിയോടെ ചിന്തിക്കുന്നവരല്ല. രാഷ്ട്രീയക്കാർ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നു. ജനങ്ങൾ ദൈനംദിന ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. അന്നന്നത്തെ കാര്യങ്ങൾ നടന്നു കിട്ടിയാൽ അവർ സംതൃപ്തരാണ്. അവരുടെ മുന്നിൽ ഭാവിയില്ല. ഒരു വ്യവസ്ഥിതിയിൽ എല്ലാവരും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ആൾക്കൂട്ടം ചിന്തിക്കുന്നില്ല. വ്യക്തികളാണ് ചിന്തിക്കുന്നത്. ഒരു പാർട്ടി ചിന്തിക്കുന്നില്ല. പാർട്ടിയുടെ അഭിപ്രായം ഇതാണെന്ന് പറയാം. പക്ഷേ, ഈ അഭിപ്രായത്തിന് രൂപം കൊടുക്കുന്നത് വ്യക്തികളാണ്. പ്രത്യയശാസ്ത്രപരമായി പ്രവർത്തിക്കുന്ന പാർട്ടികളിൽ പോലും വ്യക്തികളുടെ പ്രാധാന്യം കുറച്ചു കാണരുത്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ കാര്യമെടുത്താൽ കൺവെർജൻസ് പൊളിറ്റിക്സ് ആണ് ഇപ്പോൾ നടക്കുന്നത്. അതായത് പാർട്ടികൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയാണ്. സംസ്ഥാനങ്ങൾ വ്യത്യസ്തമാണെങ്കിലും ബ്യൂറൊക്രസിയുടെ പെരുമാറ്റം ഒരു പോലെയാണ്. സമാനമായാണ് പോലീസും പെരുമാറുന്നത്.
ഭരിക്കപ്പെടുന്നവരെ മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ഭരിക്കുന്നവർ ഭരിക്കപ്പെടുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. ഇതാണ് കേരളത്തിൽ പിണറായി സർക്കാർ ചെയ്തത്. പാർട്ടിയോ മുന്നണിയോ അല്ല വ്യക്തിയാണ് ഇവിടെ കാര്യങ്ങൾ മനസ്സിലാക്കുകയും തീരുമാനമെടുക്കുകയും ചെയ്തത്.
ഇവിടെ ഒരു കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. വൃദ്ധാധിപത്യത്തിൽ നിന്നുള്ള മോചനം കേരളത്തിലെ പുതിയ സർക്കാർ രേഖപ്പെടുത്തുന്നുണ്ടെന്ന് പറയാനാവുമോ? ശരിയായ അധികാരം കൈയ്യാളുന്ന വ്യക്തിയുടെ തുടർച്ചയാണുണ്ടായിട്ടുള്ളതെന്ന സാഹചര്യത്തിൽ ഈ നിരീക്ഷണം എത്രമാത്രം ശരിയാണ്?
അങ്ങിനെയൊരു മാറ്റമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ പറയാനാവില്ല. ജനാധിപത്യം വൃദ്ധാധിപത്യത്തിന് പുറത്തുവന്നോ എന്ന് വിലയിരുത്താൻ സമയമായിട്ടില്ല. താങ്കൾ പറഞ്ഞതിൽ ആ ഉത്തരമുണ്ട്. മുകളിൽ ഇരിക്കുന്ന വ്യക്തി തുടരുകയും ചില ഉത്തരവാദിത്വങ്ങൾ കൈമാറുകയും ചെയ്യുന്ന പ്രക്രിയയാണ് നടന്നിരിക്കുന്നത്. സി.പി.എമ്മിന് 34 വർഷം തുടർച്ചയായി ഭരണത്തുടർച്ച ലഭിച്ച സംസ്ഥാനമാണ് ബംഗാൾ. പക്ഷേ, പിന്നീട് അവർക്ക് അവിടെ തിരിച്ചടി നേരിട്ടു. അവർ ഭരണത്തിൽനിന്ന് നിഷ്കാസിതരായി.
ബംഗാളിന്റെ പാഠം സി.പി.എമ്മിന് കേരളത്തിൽ പുതിയ ദിശാബോധം നൽകുമോ? നിലവിൽ പിണറായി വിജയൻ മുഖ്യ അധികാര കേന്ദ്രമായി തുടരുമ്പോൾ താഴെത്തട്ടിൽ നടന്ന ചില ഉപരിപ്ലവമായ മാറ്റങ്ങളെ ഘടനാപരമായ മാറ്റങ്ങളാണെന്ന് ഊതിവീർപ്പിച്ചുകാട്ടുകയല്ലേ ചെയ്യുന്നത്?
അധികാര വികേന്ദ്രീകരണം സംഭവിച്ചിട്ടുണ്ടോ എന്നത് നമ്മൾ കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സമൂഹത്തിൽ പൊതുവെ രണ്ടോ മൂന്നോ വിഭാഗങ്ങളുണ്ടാവും. ഒരു വിഭാഗത്തിന് നിലവിലുള്ള സ്ഥിതി തുടർന്നാൽ മതി. രണ്ടാമത്തെ വിഭാഗത്തിന് ചില കാര്യങ്ങൾ ഒന്ന് മെച്ചപ്പെടണം. മൂന്നാമത്തെ വിഭാഗത്തിനാണ് മാറ്റം വേണ്ടത്. മാറ്റം എന്നത് അടിസ്ഥാനപരമായി സംഭവിക്കേണ്ടതാണ്. പഴയ ആളുകൾക്ക് മാറ്റം കൊണ്ടുവരാനാവില്ല. പഴയ ആളുകൾ എന്നാൽ വയസ്സായവർ എന്നല്ല അർത്ഥം. പുതിയ ആളുകൾക്കേ പുതിയ സമൂഹം സൃഷ്ടിക്കാനാവുകയുള്ളു.
ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോൾ പ്രതിപക്ഷത്തെ നമുക്ക് മാറ്റി നിർത്താനാവില്ല. കേരളത്തിൽ സി.പി.എം. കൂടുതൽ ശക്തമാർന്ന ഭരണപക്ഷമായി മാറുമ്പോൾ പ്രതിപക്ഷത്തെിന്റെ റോൾ എന്താകും എന്ന ചോദ്യമുണ്ട്. പുതിയ പ്രതിപക്ഷ നേതാവ് വരുന്നു. പ്രതിപക്ഷത്തിനെ താങ്കൾ എങ്ങിനെയാണ് കാണുന്നത്?
ഭരണപക്ഷത്തിന് കിട്ടുന്ന മൃഗീയ ഭൂരിപക്ഷം ഒരു പ്രശ്നമാണ്. കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ കാണിക്കുന്ന തോന്നിവാസങ്ങൾ ഭീകരമാണ്. കാർഷിക ബില്ലുകൾ, പൗരത്വ ഭേദഗതി നിയമം, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത്- ഇവയൊക്കെ മൃഗീയ ഭൂരിപക്ഷത്തിന്റെ അനന്തരഫലങ്ങളാണ്. ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് മൂന്ന് ഘടകങ്ങളാണ്- ഡിസ്കഷൻ, ഡിബേറ്റ്, ഡിസ്സെന്റ്. ചർച്ച, സംവാദം, വിയോജിപ്പ്. ഇത് മൂന്നും ഇപ്പോൾ കേന്ദ്രത്തിൽ നടക്കുന്നില്ല. ഇതു തന്നെ കേരളത്തിലുമുണ്ടാവാം.
(തുടരും)
Content Highlights:The reason behind UDFs bad performance is not the fault of Ramesh Chennithala, says M. Kunhaman