കോഴിക്കോട്> ബിജെപി ജില്ലയിലെ എ വിഭാഗം മണ്ഡലത്തിന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് ഫണ്ട് രണ്ടുകോടി രൂപ വീതം. എന്നാൽ കൊടുത്തത് ഒന്നരയും ഒരു കോടിയും മാത്രം. ആ നിലയിൽ ജില്ലയിലെ നാല് മണ്ഡലങ്ങളുടേതിൽ മാത്രം മൂന്നരക്കോടി രൂപ വെട്ടിച്ചതായി പരാതി. എട്ടുകോടി കൈമാറേണ്ടിടത്ത് നാലരക്കോടി മാത്രമേ വിതരണം ചെയ്തുള്ളൂ. ബാക്കി മൂന്നരക്കോടി എവിടെ എന്നതാണ് പാർടിയിലെ സജീവമായ ചോദ്യം. കോഴിക്കോട് നോർത്ത്, കുന്നമംഗലം, എലത്തൂർ, ബേപ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു എ വിഭാഗത്തിൽ. എന്നാൽ ഈ നാലു മണ്ഡലത്തിലും രണ്ടുകോടി ഫണ്ട് കിട്ടിയില്ലെന്നാണ് പരാതി.
സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മത്സരിച്ച നോർത്തിൽ കിട്ടിയത് ഒന്നരക്കോടിയാണ്. ജില്ലാ പ്രസിഡന്റ് വി കെ സജീവൻ സ്ഥാനാർഥിയായ കുന്നമംഗലത്ത് ഒരുകോടിയും. മുൻ ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രൻ (എലത്തൂർ), സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രകാശ്ബാബു (ബേപ്പൂർ) എന്നിവർക്ക് കിട്ടിയതും പാതി ഫണ്ട്. ബി, സി വിഭാഗത്തിൽപ്പെടുത്തിയ മണ്ഡലങ്ങളിൽ 50 ലക്ഷമായിരുന്നു നിശ്ചയിച്ച ഫണ്ട്. എന്നാൽ ഒരിടത്തും 50 കിട്ടിയില്ലത്രെ.
കൂടാതെ എ വിഭാഗത്തിലുള്ള സ്ഥാനാർഥിക്ക് അക്കൗണ്ടിൽ 10 ലക്ഷം നൽകണം. മറ്റു വിഭാഗങ്ങളിൽ അഞ്ചുലക്ഷവും എന്നായിരുന്നു നിർദേശം. ഇതിലും തട്ടിപ്പ് നടന്നതായാണ് പാർടിക്കുള്ളിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല സംസ്ഥാന സംഘടനാ സെക്രട്ടറി എൻ സുരേഷിനായിരുന്നു. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മണ്ഡലം ചുമതലയുള്ള ജില്ലാ–-സംസ്ഥാന നേതാക്കളായിരുന്നു ഫണ്ട് വിതരണം.
കൊടകരയിൽ അരങ്ങേറിയ തെരഞ്ഞെടുപ്പ് ഫണ്ട് കവർച്ചാ നാടകത്തിലെ പരാതിക്കാരൻ ധർമ്മരാജനും പൊലീസ് ചോദ്യംചെയ്ത യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്കും കോഴിക്കോട്ടുകാരാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും തട്ടകവും കോഴിക്കോടാണ്. അതിനാൽ ജില്ലയിലെ ഫണ്ട് വിവാദം ബിജെപിക്കകത്ത് ചൂടുപിടിച്ച ചർച്ചക്കും ആരോപണത്തിനും ഇടയാക്കിയിട്ടുണ്ട്.